മംഗലംഡാം മേഖലയിൽ വീണ്ടും കാട്ടാന ശല്യം രൂക്ഷം
1397499
Tuesday, March 5, 2024 1:26 AM IST
മംഗലംഡാം: നേർച്ചപ്പാറയിൽ ഇന്നലെ പുലർച്ചെ വീണ്ടും കാട്ടാന ഇറങ്ങി. രാവിലെ നാലരയ്ക്ക് റബർ ടാപ്പിംഗിന് ഇറങ്ങിയ ചാക്കോ എന്ന തൊഴിലാളിയാണ് ആനയുടെ മുന്നിൽ ചെന്ന് പെട്ടത്. ആനയുടെ മുന്നിൽ നിന്ന് ഓടി മാറിയാണ് ചാക്കോ രക്ഷപ്പെട്ടത്.
ആന നിൽക്കുന്നത് അറിയാതെ മറ്റു രണ്ടു ടാപ്പിംഗ് തൊഴിലാളികൾ വളരെ അടുത്തായി ടാപ്പിംഗ് നടത്തുന്നുണ്ടായിരുന്നു. തെള്ളിയിൽ ആന്റോയുടെ കൃഷി സ്ഥലത്ത് കടന്ന ആന നൂറോളം വാഴകളും രണ്ടു തെങ്ങുകളും രണ്ട് കമുകളും കുരുമുളക് കൊടികളും നശിപ്പിച്ചു.
കഴിഞ്ഞമാസം ഇതേ കൃഷി സ്ഥലത്ത് തന്നെ ആന കയറി വൻതോതിൽ നഷ്ടങ്ങൾ വരുത്തിയിരുന്നതാണ്. വനംവകുപ്പിൽ നഷ്ടപരിഹാരത്തിന് അപേക്ഷ കൊടുത്തിരുന്നു. ഇതുവരെ നടപടികൾ ഒന്നും ഉണ്ടായിട്ടില്ല. കഴിഞ്ഞ മാസം നേർച്ചപ്പാറയിലെ കൃഷിനാശം ഉണ്ടായ ഏഴു കർഷകർ കൃഷിനാശം ഉണ്ടായതിന്റെ സർട്ടിഫിക്കറ്റ് ലഭിക്കാനായി വണ്ടാഴി കൃഷിഭവൻ അഗ്രികൾച്ചറൽ ഓഫീസറെ സമീപിച്ചപ്പോൾ കാട്ടാന കൃഷി നശിപ്പിച്ചാൽ അതിന്റെ കണക്കെടുക്കാൻ വനംവകുപ്പിനെ സാധിക്കൂ എന്നു പറഞ്ഞു സർട്ടിഫിക്കറ്റ് നിഷേധിച്ചിരുന്നു.
കൃഷിനാശവും സാമ്പത്തിക ബാധ്യതയും മൂലം നട്ടംതിരിയുന്ന കർഷകർക്ക് ആശ്വാസമാകേണ്ട ഗവൺമെന്റ് ഡിപ്പാർട്ട്മെന്റ് ഉത്തരവാദിത്വമില്ലാതെ പെരുമാറുന്നതിൽ കർഷകർക്ക് വലിയ ആശങ്കയുണ്ട്. കൃഷി വകുപ്പ് മന്ത്രിക്കും കൃഷി ഡിപ്പാർട്ട്മെന്റ് ഡയറക്ടർക്കും സ്ഥലം എംഎൽഎ, എംപി എന്നിവർക്കും കർഷകർ പരാതി അയച്ചിട്ടുണ്ട്. അമ്പതോളം വീടുകളുള്ള നേർച്ചപ്പാറ ഏരിയയിൽ ആനകൾ വീടുകൾക്ക് സമീപം രാത്രി സഞ്ചരിക്കുന്നു.
ഇന്നലെയും വീടുകൾക്ക് വളരെ അടുത്തായി ആന വന്നിരുന്നു. ഇത് വളരെ അപകടകരമായ അവസ്ഥയാണ്. പലപ്രാവശ്യം മന്ത്രി മുതലുള്ള അധികാരികൾക്ക് പരാതി നൽകിയിരുന്നെങ്കിലും വേണ്ട നടപടികൾ ഉണ്ടാകാത്തതിൽ കിഫ ലോക്കൽ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.