സമഗ്ര കുടിവെള്ള പദ്ധതി അവതാളത്തിൽ
1397293
Monday, March 4, 2024 1:12 AM IST
മംഗലംഡാം: മംഗലംഡാം റിസർവോയറിലെ മണ്ണും മണലും നീക്കംചെയ്യൽ പദ്ധതി പാതിവഴിയിൽ നിലച്ചതോടെ ജില്ലയിലെ തന്നെ ഏറ്റവും വലിയ കുടിവെള്ള പദ്ധതികളിലൊന്നായ മംഗലംഡാം സമഗ്ര കുടിവെള്ള പദ്ധതിയും അവതാളത്തിലായി. ഡാമിലെ മണ്ണ് നീക്കംചെയ്യൽ നിലച്ചതാണ് കോടികളുടെ കുടിവെള്ള പദ്ധതിയെ ബാധിക്കുന്നത്.
ഡാമിലെ ജലസംഭരണം കൂട്ടാൻ ലക്ഷ്യംവച്ചായിരുന്നു കൊട്ടിഘോഷിച്ച് 2020 ഡിസംബറിൽ സംസ്ഥാനത്തുതന്നെ ആദ്യ പൈലറ്റ് പദ്ധതിയായി മണ്ണെടുപ്പ് തുടങ്ങിയത്.
മൂന്നുവർഷംകൊണ്ട് പദ്ധതി പൂർത്തികരിക്കുമെന്നായിരുന്നു പ്രഖ്യാപനം. പക്ഷെ, ഒന്നും ഉണ്ടായില്ല. കൂടുതൽ ജലസംഭരണത്തിലൂടെ മാത്രമേ കുടിവെള്ള പദ്ധതിക്കു വെള്ളമുണ്ടാകൂ.അതല്ലെങ്കിൽ രണ്ടാംവിള നെൽകൃഷിക്കുള്ള ജലവിതരണത്തോടെ ഡാം വറ്റുന്ന സ്ഥിതിയാണ്.
2018 ജൂലൈയിൽ നിർമാണോദ്ഘാടനം കഴിഞ്ഞ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ഇടലും പ്രധാന ടാങ്ക് നിർമാണവും ഏതാണ്ട് പൂർത്തിയായി. ഡാമിൽ നക്ഷത്ര ബംഗ്ലാകുന്നിൽ ജലസംഭരണികളുടെയും ജല ശുദ്ധീകരണശാലകളുടെയും പണികൾ മിനുക്കുപണി ഘട്ടത്തിലെത്തി.
മംഗലംഡാം ഉൾപ്പെടുന്ന വണ്ടാഴി പഞ്ചായത്ത് സമീപ പഞ്ചായത്തുകളായ കിഴക്കഞ്ചേരി, വടക്കഞ്ചേരി, കണ്ണമ്പ്ര എന്നീ നാലു പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാനുള്ളതാണ് പദ്ധതി. 95 കോടി രൂപയാണ് പദ്ധതിക്കായി ഇപ്പോൾ കണക്കാക്കിയിട്ടുള്ളതെങ്കിലും പണികൾ പൂർത്തിയാകുമ്പോൾ 140 കോടി രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്.
നക്ഷത്ര ബംഗ്ലാക്കുന്നിൽ 24.50 ദശലക്ഷം ലിറ്റർ പ്രതിദിന ശേഷിയുള്ള ജല ശുദ്ധീകരണശാല യുടെയും അതേ സംഭരണശേഷിയുള്ള ഉന്നതതല ക്ലിയർ വാട്ടർ സംഭരണിയുടെയും പണികളാണ് പൂർത്തിയായിട്ടുള്ളത്.
ഏതുസമയവും രണ്ട് ടാങ്കുകളിലായി 60 ലക്ഷം ലിറ്റർ വെള്ളം ശുദ്ധീകരണ പ്രക്രിയ കളിലൂടെ കടന്നുപോയി കൊണ്ടിരിക്കും. പ്രതിദിനം 240 ലക്ഷം ലിറ്റർ വെള്ളം ഡാമിൽ നിന്നു പമ്പ് ചെയ്യണം. മഴക്കാല മാസങ്ങളിലും ഡിസംബർ വരേയും ഇതു സാധ്യമാകും.
രണ്ടാംവിള നെൽകൃഷിക്ക് വെള്ളം വിടുന്നതിനൊപ്പം കുടിവെള്ളത്തിനും ഇത്രയും വെള്ളം കണ്ടെത്തേണ്ടതുണ്ട്. മഴക്കാലത്ത് ഷട്ടറുകൾ തുറന്ന് പുഴയിലേക്ക് ഒഴുക്കി വെള്ളം പാഴാക്കുന്നത് തടയാനായാൽ ഈ പദ്ധതികളെല്ലാം വിജയകരമാകും.
ഇതിനു ഡാമിന്റെ സംഭരണശേഷി പൂർവകാല സ്ഥിതിയിലാക്കണം. ഡാമിന്റെ സംഭരണശേഷി കൂട്ടാതെ കുടിവെള്ള പദ്ധതി വിജയിക്കില്ല. വെള്ളം ഒഴുകാതെ പഞ്ചായത്തുകളിലെല്ലാം കുഴിച്ചിട്ടിട്ടുള്ള കുടിവെള്ള പൈപ്പുകളുടെ ചൂടുകൂടി ഇനി നാട്ടുകാർ സഹിക്കേണ്ടിവരുമെന്ന സ്ഥിതിയാണിപ്പോൾ.