ആരോഗ്യമുള്ള പ്രകൃതിക്കായി നെറ്റ് സീറോ പാലക്കയം
1397198
Sunday, March 3, 2024 8:24 AM IST
പാലക്കയം: നെറ്റ് സീറോ പരിശ്രമങ്ങൾ രാജ്യവ്യാപകമായി ശ്രദ്ധനേടുന്പോൾ പാലക്കയമെന്ന കാർഷികഗ്രാമവും അതിലേക്ക്് ചുവടുവയ്ക്കുകയാണ്. ‘ആരോഗ്യമുള്ള പ്രകൃതി ആരോഗ്യമുള്ള ജീവിതം’ എന്ന ആശയത്തിൽ ഉൗന്നി സാധാരണ മനുഷ്യരുടെ ജീവിത സാഹചര്യങ്ങളിൽ നടത്തുന്ന ലളിതമായ ഇടപെടലുകളാണ് പാലക്കയം നെറ്റ് സീറോ പദ്ധതിയുടെ പ്രധാന ആകർഷണം.
ഇന്നലെ പാലക്കയം സെന്റ് മേരീസ് പള്ളിയിൽ ചേർന്ന യോഗത്തിൽ വിദ്യാർഥികൾ പച്ചക്കറിക്കു നനച്ച് പദ്ധതിക്ക് ആരംഭം കുറിച്ചു.
ഇടവക വികാരി ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ നേതൃത്വം നല്കി. നെറ്റ് സീറോയിലൂടെ ആരോഗ്യം എന്ന വിഷയത്തെക്കുറിച്ച് സൈൻ എന്ന സന്നദ്ധസംഘടനയുടെ ഡയറക്ടർ ഫാ. സജി വട്ടുകളത്തിൽ ക്ലാസ് നയിച്ചു.
പാലക്കയം സെന്റ് മേരീസ് ഇടവകയുടെ പരിധിയിൽ ഉള്ള മുഴുവൻ വീടുകളും ഈ പദ്ധതിയുടെ ഭാഗമായി ഗ്രീൻ ഓഡിറ്റിനു വിധേയമാകും. ഇന്ത്യയിലെ ആദ്യത്തെ നെറ്റ് സീറോ ഇടവകയായ പൊൻകണ്ടത്തിന്റെ മോഡലിലായിരിക്കും പാലക്കയത്തിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുക.
വിഷരഹിത ഭക്ഷണം, ആരോഗ്യമുള്ള വായു, മണ്ണ,് ജീവനുള്ള ജലം എന്നിവ സുരക്ഷിതമാക്കുക എന്നതാണ് നെറ്റ് സീറോയുടെ ലക്ഷ്യങ്ങൾ.
വീടുകളിൽ അധികമായി വിളയുന്ന ഉത്പന്നങ്ങൾ, പച്ചക്കറികൾ സ്വന്തം ഗ്രാമത്തിൽതന്നെ വിപണനസാധ്യത കണ്ടെത്തുന്ന വീട്ടിലൊരു വിപണി പദ്ധതിയും നെറ്റ് സീറോയുടെ ഭാഗമാകും.
ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട രീതികൾ അനുവർത്തിച്ചായിരിക്കും നെറ്റ് സീറോ പാലക്കയം പദ്ധതി നടപ്പാക്കുക.