നാനോ വളപ്രയോഗത്തിലൂടെ പച്ചക്കറിയിൽ വിജയഗാഥ രചിച്ച് പ്രവാസി കർഷകൻ
1397196
Sunday, March 3, 2024 8:24 AM IST
പാലക്കാട്: നാനോ വളപ്രയോഗ രീതിയിലൂടെ പച്ചക്കറി കൃഷിയിൽ വിജയം സൃഷ്ടിക്കുകയാണ് എലപ്പുള്ളി പഴുക്കാണി ബാബു എന്ന പ്രവാസി കർഷകൻ. കോവിഡ് കാലത്ത് ഗൾഫിൽ നിന്നും നാട്ടിലെത്തി ചെറിയ തോതിൽ പച്ചക്കറി കൃഷി ആരംഭിച്ചു. തുടർന്ന് എലപ്പുള്ളി കൃഷിഭവനുമായി ബന്ധപ്പെടുകയും കൃഷിഭവനിൽ നിന്ന് സഹായങ്ങളും പ്രോത്സാഹനങ്ങളും ലഭിക്കുകയും ചെയ്തപ്പോൾ കൃഷി കൂടുതൽ സ്ഥലത്തേക്ക് വ്യാപിപ്പിച്ചു.
നിലവിൽ 3.5 ഏക്കർ സ്ഥലത്താണ് വെണ്ട, വഴുതന, പച്ചമുളക്, തക്കാളി എന്നീ ഇനങ്ങൾ കൃഷി ചെയ്യുന്നത്. മുന്പ് സാധാരണ വളപ്രയോഗം ആണ് നടത്തിയിരുന്നത്. അതിനോടൊപ്പം നാനോ വളപ്രയോഗ രീതിയും പ്രയോഗിക്കുവാൻ പ്രോത്സാഹനം നൽകിയത് എലപ്പുള്ളി കൃഷി ഓഫീസർ ബി.എസ്. വിനോദ് കുമാർ ആണ്.
ഇതിലൂടെ ഉയർന്ന ഉത്പാദനക്ഷമതയും ഉണ്ടാകുന്നു. ഒപ്പം കടൽ പായലിൽ നിന്നും സംസ്കരിച്ച് എടുത്ത ജൈവവളവും ഉപയോഗിക്കുന്നു. നാനോ വളങ്ങൾ 80% ഫലം നൽകുന്നുണ്ട്. ഒരു ചാക്ക് യൂറിയയുടെ സ്ഥാനത്ത് 500 മില്ലി നാനോ വളം ആണ് ഉപയോഗിക്കുന്നത്.
ഇലകളിൽ നേരിട്ട് സ്പ്രേ ചെയ്തു നൽകുന്ന രീതിയാണ് നാനോ വളങ്ങൾ ഉപയോഗിക്കുന്നത്. നെൽകൃഷിക്ക് ഒപ്പം ഇപ്പോൾ എലപ്പുള്ളി പഞ്ചായത്തിൽ പച്ചക്കറി കൃഷിയും സജീവമാവുകയാണ്. നിലവിൽ 50 ഏക്കറോളം സ്ഥലത്ത് തരിശിടങ്ങൾ ഉൾപ്പെടെ പച്ചക്കറി കൃഷി വ്യാപിപ്പിച്ചു.
പഴുക്കാണി ബാബുവിന്റെ കൃഷിയിടത്തിൽ നടന്ന ചടങ്ങിൽ വാർഡ് മെംബർ ശശിധരൻ, കൃഷി ഓഫീസർ ബി.എസ്. വിനോദ് കുമാർ, ഹരിതവനി പച്ചക്കറി സംഘം സെക്രട്ടറി വി.ചെന്താമര, രാമശേരി പാടശേഖരസമിതി പ്രസിഡന്റ് ജയകുമാർ, ഹരിതവനി പച്ചക്കറി സംഘ അംഗങ്ങളായ കേശവദാസ്, ദേവരാജൻ, കൃഷി അസിസ്റ്റന്റ് വി.വിജുമോൻ തുടങ്ങിയവർ പ്രസംഗിച്ചു.