ഹരിതകർമസേനയോടൊപ്പം ഗൃഹസന്ദർശനത്തിൽ പങ്കാളിയായി മന്ത്രി എം.ബി. രാജേഷും
1397195
Sunday, March 3, 2024 8:24 AM IST
പാലക്കാട്: മാലിന്യമുക്ത നവകേരളം കാന്പയിന്റെ ഭാഗമായി അജൈവ പാഴ് വസ്തുക്കളുടെ ശേഖരണത്തിനായി ഹരിതകർമസേനയോടൊപ്പം മന്ത്രി എം.ബി. രാജേഷും ഗൃഹ സന്ദർശനത്തിൽ പങ്കാളിയായി. ഷൊർണൂർ നഗരസഭയിലും തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലുമായാണ് പരിപാടി നടന്നത്.
ഹരിതകർമ സേനയുടെ പ്രവർത്തനം കൂടുതൽ ഉൗർജിതമാക്കുന്നതിനും യൂസർ ഫീ കളക്ഷൻ വ്യാപിപ്പിക്കാനും പദ്ധതി കൂടുതൽ കാര്യക്ഷമമാക്കുക ലക്ഷ്യമിട്ടാണ് മന്ത്രിയുടെ സാന്നിധ്യത്തിൽ പരിപാടി സംഘടിപ്പിച്ചത്.
ശാസ്ത്രീയമായ പാഴ് വസ്തു ശേഖരണത്തിന്റെ ഭാഗമായി പുഴകളിലും തോടുകളിലും വലിച്ചെറിയപ്പെടുമായിരുന്ന 12 ടണ്‍ മാലിന്യമാണ് ഷൊർണൂർ നഗരസഭയിലെ ഹരിതകർമസേന ഫെബ്രുവരിയിൽ സമാഹരിച്ചത്. മാർച്ച് 31 ന് മാലിന്യമുക്ത നവകേരളം കാന്പയിന്റെ ആദ്യഘട്ടം അവസാനിക്കും.
ഷൊർണൂരിൽ നടന്ന പരിപാടിയിൽ പി. മമ്മിക്കുട്ടി എംഎൽഎ, നഗരസഭാ ചെയർമാൻ എം.കെ. ജയപ്രകാശ്, നവകേരളം കർമപദ്ധതി ജില്ലാ കോ-ഓർഡിനേറ്റർ പി. സൈതലവി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, കുടുംബശ്രീ ഹരിതകർമസേന പ്രവർത്തകർ എന്നിവർ പങ്കെടുത്തു.