ഭാരതപ്പുഴയുടെ അടിക്കാടുകൾക്ക് തീയിടുന്നതു തുടർക്കഥയാകുന്നു
1397190
Sunday, March 3, 2024 8:16 AM IST
ഒറ്റപ്പാലം: ഭാരതപ്പുഴയുടെ അടിക്കാടുകൾക്ക് തീയിടുന്നത് ആവർത്തിക്കപ്പെടുന്നു. കഴിഞ്ഞ ദിവസം മായന്നൂർ പാലത്തിന് സമീപത്തെ കുടിവെള്ള പദ്ധതിക്കടുത്തായാണ് രണ്ടേക്കറോളം സ്ഥലത്ത് തീപിടിത്തമുണ്ടായത്. കഴിഞ്ഞമാസം ആറുതവണയാണ് ഭാരതപ്പുഴയുടെ ഇരുകരകളും കത്തിയമർന്നത്.
പുഴയിൽ വെള്ളം നിൽക്കുന്നഭാഗം മുതൽ റെയിൽവേ ലൈനിനടുത്തുവരെ തീ പടർന്നു.
കിഴക്കുഭാഗത്ത് മീറ്റ്ന തടയണയ്ക്ക് സമീപത്തുവരെയും തീ പരന്നിരുന്നു. കഴിഞ്ഞയാഴ്ചയും ഈ ഭാഗത്തിനടുത്തുതന്നെ തീ പിടിച്ചിരുന്നു. അന്ന് ഏകദേശം അരയേക്കർ സ്ഥലം കത്തിനശിച്ചിരുന്നു. പുഴയുടെ തീരത്ത് ഏഴ് ഏക്കർ സ്ഥലമാണ് ഇതുവരെ കത്തിനശിച്ചത്.
ദേശാടനപ്പക്ഷികളുടെ ആവാസകേന്ദ്രമാണ് ഭാരതപ്പുഴയുടെ തീരങ്ങൾ. പുഴയിൽ പക്ഷികൾ കൂടുകൂട്ടുന്ന സ്ഥലമാണിതെന്നാണ് പക്ഷി നിരീക്ഷകർ പറയുന്നത്. കാട്ടുതീ പടരാനുള്ള സാഹചര്യമില്ലാത്തതിനാൽ മനുഷ്യർതന്നെ തീയിട്ടതാകാമെന്നതാണ് വിലയിരുത്തൽ.
കഴിഞ്ഞ നാലുവർഷമായി ഭാരതപ്പുഴയിൽ ഈ കാലത്ത് തീയിടുന്നത് പതിവാണ്. നാലുവർഷം മുമ്പ് പക്ഷികൾ കത്തിയമർന്ന സംഭവത്തെത്തുടർന്നാണ് ഹരിത ട്രൈബ്യൂണൽ ഇടപെട്ട് പുഴ സംരക്ഷണത്തിന് നിർദേശം നൽകിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ജൈവവേലിയടക്കം നിർമിക്കുന്നതിന് പദ്ധതിയിട്ടിരുന്നുവെങ്കിലും ഒന്നും നടപ്പായിട്ടില്ല. നഗരസഭ 10 ലക്ഷം രൂപയാണ് ഇതിനുവേണ്ടി വകയിരുത്തിയത്.