ഉത്തരവാദി നിങ്ങള്‍ മാത്രമായിരിക്കും
1396744
Saturday, March 2, 2024 1:50 AM IST
കണ്ടമംഗലം: വന്യജീവി ആക്രമണങ്ങളാല്‍ വീര്‍പ്പുമുട്ടുന്ന കണ്ടമംഗലത്ത് കൗതുകമായൊരു മുന്നറിയിപ്പ് ബോര്‍ഡ്. വന്യജീവികള്ക്കല്ല, വനം-വന്യജീവി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കാണ് ഈ മുന്നറിയിപ്പ്.
""എന്റെ കൃഷിഭൂമിയില്‍ നിങ്ങളുടെ ഉടമസ്ഥതയിലുള്ള വന്യജീവികള്‍ പ്രവേശിക്കാന്‍ പാടുള്ളതല്ല. അറിയിപ്പ് മാനിക്കാതെ വന്യജീവികള്‍ പ്രവേശിച്ചാല്‍ അതുമൂലമുണ്ടാകുന്ന സര്‍വ കഷ്ടനഷ്ടങ്ങള്‍ക്കും വനംവകുപ്പ് മാത്രമായിരിക്കും ഉത്തവാദി'' - എന്നാണ് മുന്നറിയിപ്പ് ബോര്‍ഡിലുള്ളത്.
കണ്ടമംഗലം മേക്കളപ്പാറ മാത്യു പാലാത്ത് (ഈപ്പച്ചന്) ആണ് തന്റെ വീട്ടുഗേറ്റില്‍ ഈ ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളത്.
47 വര്‍ഷമായി കുടുംബസമേതം ഇവിടെ താമസിച്ചുവരികയാണ് മാത്യു. പരിസരത്തും മാത്യുവിന് തോട്ടമുണ്ട്. കാട്ടാനയും കാട്ടുപന്നിയുമിറങ്ങി കൃഷികളെല്ലാം നശിപ്പിക്കുകയാണ്.
ആനക്കലി പേടിച്ച് ടാപ്പിംഗിനു തൊഴികളെയും കിട്ടാതായതോടെ വരുമാനം കുറഞ്ഞു. കഴിഞ്ഞ ദിവസം കപ്പത്തോട്ടം ഒറ്റരാത്രി കൊണ്ടാണ് കാട്ടുപന്നിക്കൂട്ടും കുത്തിമറിച്ചിട്ടത്. കാട്ടാനകളുടെ വിളയാട്ടം വേറെ. വാഴത്തോട്ടത്തില്‍നിന്ന് ഇത്തവണ ഒന്നും കിട്ടാനില്ല.
വന്യജീവികളുടെ ആക്രമണവും അതുണ്ടാക്കുന്ന നാശനഷ്ടങ്ങളും കൂടിയതോടെയാണ് മാത്യു മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചത്.
വന്യജീവികള്‍ക്കു ബോര്‍ഡ് വായിക്കാനറിയില്ലെങ്കിലും ഉദ്യോഗസ്ഥര്‍ക്കു കര്‍ഷകരുടെ ദുരവസ്ഥ മനസിലാക്കാനെങ്കിലും കഴിയുമെന്നാണ് മാത്യുവിന്റെ പ്രതീക്ഷ.