റോഡ് വികസനത്തിന് തടസമായി ആൽമരം
1396555
Friday, March 1, 2024 1:57 AM IST
നെന്മാറ: റോഡിലേക്ക് ചാഞ്ഞു നിൽക്കുന്ന ആൽമരം റോഡ് വികസനത്തിനു തടസമായി. നെന്മാറ -അടിപ്പെരണ്ട റോഡിൽ കരിങ്കുളത്താണ് പാത നവീകരണത്തിന് തടസമായി ആൽമരം നിൽക്കുന്നത്. നവീകരണത്തിന്റെ ഭാഗമായി മരം നിൽക്കുന്നതിനു ഇരുവശത്തുമായി 10 അടിയോളം വീതിയിൽ മണ്ണ് മാറ്റി റോഡ് വീതി കൂട്ടിയതോടെ മരം റോഡിന്റെ പാതിയോളം വീതിയിൽ കയറി നിൽക്കുന്ന രീതിയിലായി. മരത്തിന്റെ മുകൾഭാഗം റോഡിലേക്ക് ചാഞ്ഞു നിൽക്കുന്നതിനാൽ ഉയരം കൂടിയ വാഹനങ്ങൾ സഞ്ചരിക്കുമ്പോൾ മരത്തിൽ ഉരസാനുള്ള സാധ്യതയുണ്ട്. ഇതിനാൽ ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ റോഡിന്റെ മധ്യഭാഗത്ത് കൂടെയാണ് സഞ്ചരിക്കുന്നത്.
ഇത് അപകടങ്ങൾക്ക് വഴിവെക്കുമെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടു. താത്കാലികമായി മരത്തിന്റെ ചുവട്ടിൽ വാഹന ഡ്രൈവർമാരുടെ ശ്രദ്ധ ക്ഷണിക്കുന്ന വിധത്തിൽ സൂചനാ ബോർഡുകൾ സ്ഥാപിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. സംസ്ഥാനപാതയുടെ നിലവാരത്തിലേക്ക് ഉയർത്തുന്ന തിന്റെ ഭാഗമായി പാതയോരത്തെ അഴുക്കുചാലുകളുടെയും കലുങ്കുകളുടെയും പണി പുരോഗമിക്കുന്നുണ്ട്.
കരിങ്കുളം ഭാഗത്ത് റോഡ് വീതി കൂട്ടുന്നതിന് തടസമായി നിൽക്കുന്ന ആൽമരം മുറിച്ചു മാറ്റുന്നതിനായി വില്ലേജ് തല ജനകീയ സമിതിയും പഞ്ചായത്ത് ട്രീ കമ്മിറ്റിയും ശുപാർശ നൽകി ആറുമാസത്തിലേറെയായിട്ടും പൊതുമരാമത്ത് നിരത്ത് വിഭാഗം മരം മുറിച്ചു മാറ്റുന്നതിന് നടപടി സ്വീകരിച്ചില്ല എന്നാണ് പരാതി. ആൽമരം പൈതൃകമരമായതിനാൽ വനംവകുപ്പിന്റെ സാമൂഹിക വനവത്കരണ വിഭാഗത്തിന്റെ അനുമതി വേണമെന്നതാണ് മരം മുറിക്കുന്നതിന് തടസം എന്നും അധികൃതർ പറയുന്നു.