വീണ്ടുമൊരു പരീക്ഷക്കാലം
1396551
Friday, March 1, 2024 1:57 AM IST
പാലക്കാട്: ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്നുമുതൽ ആരംഭിക്കും. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.15 വരെയാണ് പരീക്ഷ. ജില്ലയിൽ 126 കേന്ദ്രങ്ങളിലായി 77,270 വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്.
അതിൽ പ്ലസ് വൺ വിഭാഗത്തിൽ 32,337 വിദ്യാർഥികളും പ്ലസ് ടു വിഭാഗത്തിൽ 34,238 കുട്ടികളും പ്ലസ് വൺ ഓപ്പൺ വിഭാഗത്തിൽ 5027 പേരും പ്ലസ് ടു ഓപ്പൺ വിഭാഗത്തിൽ 5668 വിദ്യാർഥികളുമാണുള്ളത്. 2576 വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ ഭിന്നശേഷി ആനുകൂല്യങ്ങൾ നൽകിയിട്ടുണ്ട്. 26 ന് പരീക്ഷ അവസാനിക്കും.
എസ്എസ്എൽസി പരീക്ഷ
ജില്ലയിൽ 195 കേന്ദ്രങ്ങളിലായി 39,667 വിദ്യാർഥികളാണ് നാലിന് ആരംഭിക്കുന്ന എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതുന്നതു കൊടുവായൂർ ജിഎച്ച്എസിലും (2186) കുറവു ഷൊർണൂർ ജിഎച്ച്എസിലും (ഏഴ്) ആണ്. ഏറ്റവും കൂടുതൽ ആൺകുട്ടികൾ പരുതൂർ എച്ച്എസിലും (435), പെൺകുട്ടികൾ പാലക്കാട് മോയൻസ് സ്കൂളിലും (789) ആണ് പരീക്ഷ എഴുതുന്നത്.
എംഇഎസ് കെടിഎം വട്ടമണ്ണപുര സ്കൂളിലാണ് (ഏഴുപേർ) ഏറ്റവും കുറവ് ആൺകുട്ടികൾ പരീക്ഷ എഴുതുന്നത്. ഏറ്റവും കുറവ് പെൺകുട്ടികൾ പരീക്ഷ എഴുതുന്നത് ജിഎച്ച്എസ്എസ് ഷൊർണൂരിലാണ്. ഒരു പെൺകുട്ടിയാണ് ഇവിടെ പരീക്ഷ എഴുതുന്നത്.മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ 42 കേന്ദ്രങ്ങളിലായി 9051 വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. ഏറ്റവും കൂടുതൽ വിദ്യാർഥികൾ എംഇഎസ് സ്കൂളിലും (789) കുറവു വിദ്യാർഥികൾ എംഇഎസ് കെടിഎം സ്കൂളിലും (16)ആണ് പരീക്ഷ എഴുതുന്നത്.
ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ 55 കേന്ദ്രങ്ങളിലായി 12,485 വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. ഏറ്റവും കൂടുതൽ വിദ്യാർഥികൾ എച്ച്എസ് പരുതൂരിലും (879), കുറവു വിദ്യാർഥികൾ ജിഎച്ച്എസ്എസ് ഷൊർണൂരിലുമാണ് (ഒന്പത്)പരീക്ഷ എഴുതുന്നത്.
പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ 98 കേന്ദ്രങ്ങളിലായി 18,131 വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. ഇതിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ ജിഎച്ച്എസ് കൊടുവായൂരിലും (2186) കുറവു വിദ്യാർഥികൾ എച്ച്എസ് പെരുമാട്ടിയിലും(16) ആണ് പരീക്ഷ എഴുതുന്നത്.