കുടിയേറ്റ പട്ടയം ലഭ്യമാക്കാൻ.. സമഗ്ര വിവരശേഖരണം ഇന്നുമുതല്‍ 15വരെ
1396549
Friday, March 1, 2024 1:57 AM IST
പാലക്കാട്: 1977നു മുമ്പായി കുടിയേറിയ വനഭൂമിയില്‍ നാളിതുവരെ പട്ടയം ലഭ്യമാക്കാത്ത കൈവശാവകാശക്കാരുടെ സമഗ്ര വിവരശേഖരണം മലയോര മേഖലയിലെ വില്ലേജ് ഓഫീസുകള്‍ മുഖേന ഇന്നുമുതല്‍ 15വരെ നടക്കുമെന്നു ജില്ലാ കളക്ടര്‍ അറിയിച്ചു.
കൈവശ അവകാശക്കാർ അതത് വില്ലേജ് ഓഫീസുകളില്‍ നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കണം.
അപേക്ഷാഫോറത്തിന്റെ പകര്‍പ്പ് വില്ലേജ് ഓഫീസുകളില്‍ ലഭിക്കും. നിലവിൽ ജോയിന്റ് വെരിഫിക്കേഷൻ റിപ്പോർട്ട് (ജെവിആർ) പൂർത്തിയാവുകയും പരിവേഷ് പോർട്ടലിൽ അപ്ലോഡ് ചെയ്യുന്നതിനായി രേഖകൾ തയാറാക്കുന്നവർ വീണ്ടും അപേക്ഷ നൽകേണ്ടതില്ല. നിങ്ങളുടെ സ്ഥലം നിലവിൽ ജെവിആർ പൂർത്തിയാക്കിയ ഭാഗങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാൻ വില്ലേജ് ഓഫീസുകളിൽ അന്വേഷിക്കാവുന്നതാണെന്നും കളക്ടർ അറിയിച്ചു.
പ്രത്യേക യോഗം ചേർന്നു
പട്ടയം നല്‍കുന്നതിനുള്ള അപേക്ഷ ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ മണ്ണാര്‍ക്കാട് താലൂക്കിലെ കരിമ്പ, തച്ചമ്പാറ, കാഞ്ഞിരപ്പുഴ, അലനല്ലൂര്‍, കോട്ടോപ്പാടം, തച്ചനാട്ടുകര, കുമരംപുത്തൂര്‍, കാരാകുറുശ്ശി, അട്ടപ്പാടി താലൂക്കിലെ ഷോളയൂര്‍, പുതൂര്‍, അഗളി, ആലത്തൂര്‍ താലൂക്കിലെ എരിമയൂര്‍, ആലത്തൂര്‍, വണ്ടാഴി, വടക്കഞ്ചേരി, കണ്ണമ്പ്ര, കാവശ്ശേരി, കുഴല്‍മന്ദം, പെരിങ്ങോട്ടുകുറിശ്ശി, കുത്തന്നൂര്‍, തേങ്കുറിശ്ശി, തരൂര്‍, മേലാര്‍കോട്, കിഴക്കഞ്ചേരി, പാലക്കാട് താലൂക്കിലെ അകത്തേത്തറ, മലമ്പുഴ, മരുതറോഡ്, പിരായിരി, പറളി, മങ്കര, മണ്ണൂര്‍, കേരളശ്ശേരി, കോങ്ങാട്, മുണ്ടൂര്‍, പുതുപ്പരിയാരം, എലപ്പുള്ളി, പുതുശ്ശേരി, ചിറ്റൂര്‍ താലൂക്കിലെ നെന്മാറ, അയിലൂര്‍, എലവഞ്ചേരി, കൊല്ലങ്കോട്, മുതലമട, നെല്ലിയാമ്പതി, കൊടുവായൂര്‍, പല്ലശ്ശന എന്നീ ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റ്, സെക്രട്ടറിമാരെ ഉൾപ്പെടുത്തി ഓണ്‍ലൈനായി യോഗം ചേർന്നു.
ആലത്തൂർ, ചിറ്റൂർ, മണ്ണാർക്കാട്, അട്ടപ്പാടി താലൂക്കുകളിൽ വില്ലേജ് ജനകീയ സമിതി യോഗം ചേർന്ന് ഉടൻ റിപ്പോർട്ട് നൽകാൻ തഹസിൽദാർമാർക്ക് യോഗത്തിൽ നിർദ്ദേശം നൽകി.
ജോയിന്റ് വേരിഫിക്കേഷൻ റിപ്പോർട്ടിൽ വരാത്തവരുടെ പേരുകൾ അതത് വില്ലേജ് ഓഫീസുകളിൽ അറിയിച്ച് പട്ടയ അപേക്ഷ നൽകാൻ ജനപ്രതിനിധികൾ സഹായിക്കണമെന്നും യോഗത്തിൽ അഭ്യർഥിച്ചു.
ഡെപ്യൂട്ടി കളക്ടര്‍ (എല്‍ആര്‍), എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടര്‍, ഐടിഡിപി പ്രോജക്ട് ഓഫീസര്‍, തൃത്താല നിയോജകമണ്ഡലം പട്ടയം നോഡല്‍ ഓഫീസര്‍, ചിറ്റൂര്‍ നിയോജകമണ്ഡലം പട്ടയം നോഡല്‍ ഓഫീസര്‍, പാലക്കാട്, അട്ടപ്പാടി, ഒറ്റപ്പാലം, പട്ടാമ്പി, ചിറ്റൂര്‍, ആലത്തൂര്‍, മണ്ണാര്‍ക്കാട് തഹസില്‍ദാര്‍മാര്‍, ഭൂരേഖ തഹസില്‍ദാര്‍മാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്നിവർ യോഗത്തില്‍ പങ്കെടുത്തു.