കാൻസർ രോഗികൾക്കു മുടിമുറിച്ചു നൽകി പാലക്കയത്തുകാരി ബീന വർഗീസ്
1396400
Thursday, February 29, 2024 6:48 AM IST
പാലക്കയം: കാൻസർ രോഗികൾക്കായി മുടി മുറിച്ചു നൽകി പാലക്കയം നിരവ് സ്വദേശിനി മാലുകെട്ടിൽ ബീന വർഗീസ്. തന്റെ നിരവധി വർഷത്ത ആഗ്രഹമാണ് ബീന യാഥാർഥ്യമാക്കിയത്. വർഷങ്ങൾക്കു മുന്നേ ആലോചനയിൽ ഉണ്ടായിരുന്നുവെങ്കിലും പലരുടെയും അഭിപ്രായത്തിൽ തട്ടിനിന്നു.
മുടി നൽകുമ്പോൾ ഇതു കാൻസർ രോഗികളിലേക്ക് എത്തുമോ, ആരോടു ചോദിക്കണം, എവിടെയാണ് നൽകുക എന്ന സംശയവും ഉണ്ടായിരുന്നു. എന്നാൽ പള്ളി വികാരി ലാലു ഓലിക്കലിന്റെ ഉപദേശങ്ങൾ നിർണായകമായി. കൃത്യവിവരങ്ങൾ അറിഞ്ഞിരുന്നെങ്കിൽ നേരത്തെതന്നെ മുടി നൽകുമായിരുന്നുവെന്നു ബീന പറഞ്ഞു.
ഇത്തരം പൊതുപ്രവർത്തനങ്ങൾ പൊതുജനങ്ങളും പങ്കാളികളാവണമെന്നും ഭർത്താവ് വർഗീസിന്റെ പൂർണ പിന്തുണയാണ് ലക്ഷ്യം യാഥാർഥ്യമാക്കിയതെന്നും ബീന പറയുന്നു.
മക്കളായ മിഥുനും മൃദുലയും ഒപ്പം നിന്നു. പാഥേയം സംഘടനയുടെ കോ-ഓർഡിനേറ്റർ സതീഷ് മണ്ണാർക്കാടിനാണ് മുടി നൽകിയത്. തൃശൂർ അമല ആശുപത്രിയിലേക്ക് കെൻസ് ഹെയർ ബാങ്കുവഴി മുടി സതീഷ് കൈമാറുകയായിരുന്നു. ഒന്നര വർഷത്തിനിടെ പാലക്കയത്തു നിന്നും നാലാമത്തെയാളാണ് സതീഷിലൂടെ മുടി നൽകിയത്.