കാര്‍ഷിക ഫാമുകളെ ജനകീയമാക്കണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
1396393
Thursday, February 29, 2024 6:48 AM IST
പാലക്കാട്: കാര്‍ഷിക ഫാമുകളെ കൂടുതല്‍ ജനകീയമാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍. അനങ്ങനടി സംസ്ഥാന സീഡ് ഫാം നവീകരണ പ്രവര്‍ത്തന പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.
ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ മൂന്ന് കോടി രൂപ ചെലവഴിച്ചാണ് അനങ്ങനടിയിലെ സീഡ് ഫാം (സംസ്ഥാന വിത്തുത്പ്പാദന കേന്ദ്രം) നവീകരിക്കുന്നത്. ഫാമുകളെ പരിഷ്കരിച്ചെടുത്താല്‍ കാര്‍ഷിക പഠനത്തിനുള്ള അവസരങ്ങള്‍ ഇവിടെ ഉണ്ടാക്കാം. സൗകര്യങ്ങള്‍ വര്‍ധിക്കുമ്പോള്‍ കാര്യക്ഷമതയും വര്‍ധിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
എന്‍ട്രന്‍സ് ഗേറ്റ് ഉള്‍പ്പെടെയുള്ള കോമ്പൗണ്ട് വാള്, നീര്‍വാര്‍ച്ച സൗകര്യം, ട്രെയിനിംഗ് സെന്റർ, സ്റ്റോര്‍ റൂം, ക്വാര്‍ട്ടേഴ്സ്, തൊഴിലാളികള്‍ക്കുള്ള റസ്റ്റ് റൂം, കുളം, ഫാം റോഡ്, പോളി ഹൗസ്, വൈദ്യുതീകരണ പ്രവൃത്തികള്‍ തുടങ്ങിയ നവീകരണ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ചാമുണ്ണി അധ്യക്ഷനായി.
പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എം.എന്‍ പ്രദീപന് പദ്ധതി വിശദീകരിച്ചു. അനങ്ങനടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി ചന്ദ്രന്, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം. രാമന്‍കുട്ടി, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. അറുമുഖപ്രസാദ്, കൃഷി ഓഫീസര്‍ എസ്. ശ്രീകുമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.