ദേശീയപാത കൈയടക്കി ചരക്കുവാഹനങ്ങൾ
1396007
Wednesday, February 28, 2024 12:32 AM IST
ഡോ. മാത്യു കല്ലടിക്കോട്
കല്ലടിക്കോട്: പാലക്കാട്- കോഴിക്കോട് ദേശീയപാത കൈയടക്കി ചരക്കുവാഹനങ്ങൾ റോഡിനു നടുവിലൂടെ പോകുന്നത് അപകടക്കാഴ്ചയാകുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും ബാംഗ്ളൂർ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും എത്തുന്ന കണ്ടെയ്നർ പാർസൽ ലോറികളാണ് പലപ്പോഴും അപകടകരമാം വിധം പായുന്നത്.
പല ലോറികളും 40 അടി നീളവും എട്ടടി വീതിയും ഒന്പതു അടിയോളം ഉയരവുമുള്ളവയാണ്. കന്നുകാലികളെ കൊണ്ടുപോകുന്ന കണ്ടെയ്നർ ലോറികളാകട്ടെ ചേസിസിന്റെ വീതിക്കു പുറമെ രണ്ടടിയോളം കൂട്ടിയാണ് ബോഡി നിർമിക്കുന്നത്. ഇത്തരം ഉയരം കൂടിയ വാഹനങ്ങൾ റോഡിന്റെ ഒത്ത നടുവിലൂടെയാണ് ഓടിക്കുന്നത്.
വശങ്ങളിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിലും മരക്കൊമ്പുകളിലും തട്ടാതിരിക്കാനാണത്. പിന്നാലെ വരുന്ന വാഹനങ്ങൾക്കു ഇത്തരം കണ്ടെയ്നർ ലോറികളെ മറികടക്കാൻ പ്രയാസമാണ്.
മറികടക്കാൻ വലതു വശത്തൂടെ കയറുമ്പോൾ പലപ്പോഴും എതിരെ വരുന്ന വാഹനങ്ങളിൽ തട്ടുന്നതും പതിവാണ്്.
വേഗത കുറച്ചു പോകുന്ന ഇത്തരം വാഹനങ്ങൾ പലപ്പോഴും ഗതാഗത തടസവും സൃഷ്ടിക്കുന്നു.
പിന്നാലെ വരുന്ന ഇരുചക്രമുൾപ്പടെയുള്ള വാഹനങ്ങളിൽ യാത്രചെയ്യുന്നവർക്ക് കാഴ്ച്ച മറയ്ക്കുന്ന വിധത്തിലാണ് ഇത്തരം വാഹനങ്ങൾ പോകുന്നത്. പലപ്പോഴും കിലോമീറ്ററുകളോളം പോകുമ്പോഴാണു മറികടക്കാൻ കഴിയുക.
അത്യാവശ്യ ഘട്ടങ്ങളിലും ആംബുലൻസ് കടന്നു പോകുമ്പോഴും തടസമായി മാറുന്നു. കരിങ്കല്ലത്താണി മുതൽ ഒലവക്കോട് താണാവ് വരെയുള്ള റോഡ് പുനർ നിർമിച്ചെങ്കിലും വീതുക്കുറവും വളവുകളും ഇറക്കങ്ങളും ഇത്തരം വാഹനങ്ങളുടെ വേഗത കുറയ്ക്കുന്നു. ഇതും മറ്റു വാഹനങ്ങൾക്കു വിലങ്ങുതടിയാകുന്നുണ്ട്.
ഇത്തരം വാഹനങ്ങളെ സ്കൂൾ സമയങ്ങളില് നിരോധിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഇത്തരം വാഹങ്ങൾ എഐ കാമറകളിലോ പോലീസിന്റെ പരിശോധനകളിലോ കണ്ടെത്തുന്നില്ല എന്നതും പരിതാപകരമാണ്.