ചിനക്കത്തൂരിൽ പൊൻപൂരം നാളെ
1394805
Friday, February 23, 2024 1:20 AM IST
ഒറ്റപ്പാലം: ചിനക്കത്തൂരിൽ താലപ്പൊലി ആഘോഷിച്ചു. ഇന്നാണ് കുമ്മാട്ടി. ഈ പകലൊന്നിരുണ്ടു വെളുത്താൽ പൊൻപൂരം പൊട്ടിവിരിയും. പൂരത്തെ വരവേൽക്കാനുള്ളകാത്തിരിപ്പിലാണ് തട്ടകം.
ഇന്നലെ തട്ടകത്തിലെ നിശ്ചിത കേന്ദ്രങ്ങളിൽ പൂരത്തിന്റെ കേളികൊട്ടായി കൊട്ടിയറിയിപ്പു നടന്നു. ഇതു പൂരവിളംബരമാണ്.
ഭക്തിയുടെ നിറവിൽ താലപ്പൊലി ആഘോഷ ചടങ്ങുകളുടെ ഭാഗമായി പറവാദ്യം നീലികാവിൽ നിന്നു ചിനക്കത്തൂരിലെത്തി കേളി, പറ്റ് എന്നിവയ്ക്കുശേഷം രാത്രിയാണു താലപ്പൊലിപ്പാടത്തു നിന്നു കോമരങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്കു താലം എഴുന്നള്ളിപ്പ് നടന്നത്.
ചിനക്കത്തൂർ പൂരത്താലപ്പൊലി കമ്മിറ്റിയുടെ എഴുന്നള്ളിപ്പ് അഞ്ചു ഗജവീരന്മാരുടെ അകമ്പടിയോടെ വൈകുന്നേരം നീലിക്കാവിൽ നിന്നു പുറപ്പെട്ടു. ചെർപ്പുളശ്ശേരി അനന്തപത്മനാഭൻ തിടമ്പേറ്റി. പാണ്ടിമേളത്തിന്റെ അകമ്പടിയോടെയാണ് എഴുന്നള്ളിപ്പു നടന്നത്. പനമണ്ണ ശശി പൊതുവാളുടെ പ്രാമാണ്യത്തിൽ 101 കലാകാരൻമാർ ചേർന്നാണു മേളം ഒരുക്കിയത്.
എഴുന്നള്ളിപ്പ് ചിനക്കത്തൂർ ക്ഷേത്ര മൈതാനിയിൽ സംഗമിച്ചു. എഴുന്നള്ളിപ്പു പൂർത്തിയായ ശേഷം കമ്പം കത്തിക്കലും താഴെക്കാവിൽ ഡബിൾ തായമ്പകയും നടന്നു. താലപ്പൊലി കമ്മിറ്റിയുടെ എഴുന്നള്ളിപ്പ് ക്ഷേത്ര മൈതാനിയിലെത്തിയ ശേഷം രാത്രി ഏഴിനു കുടമാറ്റവും നടന്നു.
പത്തുസെറ്റ് വർണക്കുടകളാണ് കുടമാറ്റത്തിനുണ്ടായിരുന്നത്.
പൂരത്തെ വരവേൽക്കാൻ ഏഴുദേശങ്ങൾ ഉൾപ്പെട്ട ചിനക്കത്തൂർ തട്ടകത്തിൽ ബഹുനില പന്തലുകളുമുയർന്നു. പന്തലുകളെല്ലാം പൂർണമായി ദീപാലംകൃതമായി.
ചിനക്കത്തൂർ ക്ഷേത്രത്തിലെ ദീപാലങ്കാരവും പൂർണമായി. ഒറ്റപ്പാലം, പാലപ്പുറം, മീറ്റ്ന, പല്ലാർമംഗലം, വടക്കുമംഗലം, തെക്കുമംഗലം ദേശങ്ങളിലാണു കൂറ്റൻ ബഹുനില പന്തലുകൾ ഉയർന്നിരിക്കുന്നത്.
എൻഎസ്എസ് കെപിടി ഹൈസ്കൂൾ മൈതാനിയിലാണ് ഒറ്റപ്പാലം ദേശപ്പന്തൽ. പാലപ്പുറം ദേശം ക്ഷേത്രമൈതാനിയിലും പല്ലാർമംഗലം ദേശം എൻഎസ്എസ് കോളജ് കവലയിലുമാണു പന്തൽ ഒരുക്കിയിട്ടുള്ളത്.
കയറംപാറയിലാണു മീറ്റ്ന ദേശത്തിന്റെ പന്തൽ. ലക്കിടി കൂട്ടുപാതയിൽ വടക്കുമംഗലം ദേശവും തിരുവില്വാമല റോഡിൽ കുഞ്ചൻ സ്മാരക വായനശാലയ്ക്കു സമീപം തെക്കുമംഗലവും പന്തൽ ഒരുക്കിയിട്ടുണ്ട്.
പൂരത്തിന് അണിനിരക്കുന്ന ഗജവീരന്മാർ
ഒറ്റപ്പാലം ദേശം- മംഗലാംകുന്ന് അയ്യപ്പൻ, മംഗലാംകുന്ന് ശരൺ അയ്യപ്പൻ, മംഗലാംകുന്ന് ഉമാമഹേശ്വരൻ, മംഗലാംകുന്ന് മുകുന്ദൻ, മരുതൂർകുളങ്ങര മഹാദേവൻ.
പാലപ്പുറം ദേശം- ഊട്ടോളി അനന്തൻ, അക്കിക്കാവ് കാർത്തികേയൻ, പെരിങ്ങിലപ്പുറം അപ്പു.
പല്ലാർമംഗലം ദേശം- കുട്ടൻകുളങ്ങര അർജുനൻ, മനിശ്ശേരി രാജേന്ദ്രൻ, പെരുമ്പാവൂർ അരുൺ അയ്യപ്പൻ.
വടക്കുമംഗലം ദേശം- പുതുപ്പള്ളി സാധു, ചൈത്രം അച്ചു, മച്ചാട് ജയറാം, മച്ചാട് ധർമൻ, ഗീതാഞ്ജലി പാർത്ഥസാരഥി.
തെക്കുമംഗലം ദേശം- ചിറക്കൽ കാളിദാസൻ, വൈലാശ്ശേരി അർജുനൻ, വലിയപുരക്കൽ ആര്യനന്ദൻ, വടക്കുറുമ്പക്കാവ് ദുർഗാദാസൻ, മീനാട് കേശു.
എറക്കോട്ടിരി ദേശം- പുതുപ്പള്ളി കേശവൻ, ഊട്ടോളി മഹാദേവൻ, ഊട്ടോളി രാമൻ.
മീറ്റ്ന ദേശം- ചെർപ്പുളശ്ശേരി അനന്തപത്മനാഭൻ, ചെർപ്പുളശ്ശേരി മണികണ്ഠൻ, ചെത്തല്ലൂർ ദേവീദാസൻ.