നെൽകൃഷിക്കു ജലവിതരണം തുടങ്ങി
1394637
Thursday, February 22, 2024 1:49 AM IST
ചിറ്റൂർ: താലൂക്കിൽ ആളിയാറിൽ നിന്നും കാർഷിക ജലത്തിനുവേണ്ടി കർഷകർ നടത്തിയ സമരങ്ങൾ ഫലം കണ്ടു. ആളിയാറിൽ നിന്നും ചിറ്റൂരിലേക്ക് 255ഘനയടി വെള്ളം ഇറക്കിത്തുടങ്ങി. സാധാരണ ഫെബ്രുവരിയിൽ 82 ഘനയടിയാണ് അളിയാറിൽ നിന്നും വെള്ളം ലഭിക്കാറുള്ളത്.
സംസ്ഥാന ജലസേചന വകുപ്പ് മേധാവികൾ തമിഴ്നാട് അധികൃതരുമായി നടത്തിയ ചർച്ച യിലാണ് പതിവിൽ കൂടുതൽ വെളളം ചിറ്റൂരിലേക്ക് ഇറക്കിയതെന്നു മൂലത്തറഡാം അസിസ്റ്റന്റ് എൻജിനിയർ രാജേഷ് പറഞ്ഞു.
മൂലത്തറ റഗുലേറ്റർ വഴി വലതു കനാലിലും കമ്പാലത്തറ ഏരിയിൽ നിന്നും ഇടതു കനാലിലേക്കും ജലവിതരണം നടത്തുന്നുണ്ട്.
ഇടതുകനാൽ വഴി പല്ലഞ്ചാത്തനൂർ, പെരുവെമ്പ് ഓലശ്ശേരി ഭാഗത്തക്കും വലതുകനാൽ വഴി തേമ്പാറമട, നല്ലേപ്പിള്ളി ഭാഗത്തെ നെൽകൃഷിക്കുമാണ് വെള്ളം എത്തിക്കുന്നത്. കമ്പാലത്തറ ഏരിയിൽ 4 .30 മീറ്റർ ജലനിരപ്പുണ്ട്.
കൂടാതെ റഗുലേറ്ററിൽ നിന്നും ജലമിറക്കി ഏരി നിറയ്ക്കുന്നുമുണ്ട്. ആളിയാറിൽ നിന്നും ലഭിക്കുന്ന ജലം പരമാവധി കൃഷിയാവശ്യത്തിനു നൽകി വരുന്നുണ്ടെങ്കിലും കുളങ്ങളും മറ്റു ജലാശയങ്ങളിലും വെള്ളം നിറയ്ക്കാനായിട്ടില്ല.
കൃഷിക്ക് ഇനിയും രണ്ടു തവണ കൂടി വെള്ളം ആവശ്യമുണ്ടെന്നാണു കർഷകർ അറിയിക്കുന്നത്. ഇത്തവണ മാർച്ച് അവസാനത്തിൽ ഉണ്ടാവാറുള്ള ചൂട് ഫെബ്രുവരിയിൽ തന്നെ അനുഭവപ്പെടുന്നത് നെൽകൃഷിക്ക് ദോഷമായിരിക്കുകയാണ്.
കുളങ്ങളിലും മറ്റു ജലാശയങ്ങളിലും വെള്ളം നിറച്ചാലേ കുടിവെള്ള പ്രശ്നത്തിനു പരിഹാരമാവുകയുള്ളു. ഇക്കൊല്ലം ഏപ്രിൽ, മേയ് മാസങ്ങളിൽ കുടിവെള്ള ക്ഷാമം അതിരൂക്ഷമാവുമെന്നാണ് സൂചന.
നിലവിൽ കുന്നങ്കാട്ടുപതി ജലസംഭരണിയിൽ നിന്നും കുടിവെള്ള വിതരണം നടക്കുന്നുണ്ടങ്കിലും ഒരു മാസം കഴിഞ്ഞാൽ ആളിയാർ വെള്ളം ലഭിച്ചാലേ കുടിവെള്ള വിതരണം സുഗമമായി നടക്കുകയുള്ളു.
കുടിവെള്ള വിതരണത്തിനു ജലവിഭവ വകുപ്പ് അധികൃതർ മതിയായ മുൻകരുതലുകൾ എടുക്കേണ്ടത് അനിവാര്യമാണെന്നും കർഷകർ ഓർമപ്പെടുത്തുന്നു.