വന്യമൃഗങ്ങൾ നാട്ടിൽ; കണ്ണു തുറക്കാതെ അധികൃതർ, ജീവഭയത്തിൽ ജനങ്ങൾ...
1394631
Thursday, February 22, 2024 1:49 AM IST
പാലക്കാട്: സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ അഞ്ചു വർഷത്തിനിടെ കൊല്ലപ്പെട്ടത് 650 പേരെന്ന് കണക്കുകൾ. ഇതിൽ ഏറെയും പേർക്ക് ജീവൻ നഷ്ടപ്പെട്ടത് കാട്ടാനയുടെ ആക്രമണത്തെ തുടർന്നാണ്. ഏറ്റവും കൂടുതൽ പേർ മരിച്ചതു പാലക്കാട് ജില്ലയിലാണ്.
43 പേർക്ക് പാലക്കാട് ജില്ലയിൽ മാത്രം ജീവൻ നഷ്ടമായി. 2016 മുതൽ 2021 വരെയുള്ള കണക്കുകൾ പ്രകാരമാണിത്. 25 പേർ കൊല്ലപ്പെട്ട വയനാടും 24 പേർ കൊല്ലപ്പെട്ട ഇടുക്കിയുമാണ് യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളിലുള്ളത്. വന്യജീവികളുടെ ആക്രമണത്തിൽ ഏറ്റവും പേർക്ക് പരിക്കേറ്റത് കണ്ണൂർ ജില്ലയിലാണ്. 1300 പേർക്ക് ജില്ലയിൽ പരിക്കേറ്റു. മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിലും ആയിരത്തിലേറെ പേർക്ക് വന്യജീവികളുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പന്നികളുടെ ആക്രമണത്തിലാണ് കൂടുതൽ പേർക്കും പരിക്കേറ്റിട്ടുള്ളത്.
ആളൊഴിഞ്ഞ് വിജിഷയുടെ വീട്
മംഗലംഡാം: കരിങ്കയത്തുണ്ടായ കാട്ടുപന്നി ആക്രമണത്തിൽ ഓട്ടോറിക്ഷ മറിഞ്ഞ് മരിച്ചത് ഓട്ടോ ഡ്രൈവറായിരുന്ന വിജിഷ സോണിയ (36) എന്ന വീട്ടമ്മയായിരുന്നു. കഴിഞ്ഞ ജൂലൈ 12നായിരുന്നു ഈ അപകടം. ഓടംതോട്ടിൽ നിന്നും വടക്കഞ്ചേരി സെന്റ് ഫ്രാൻസിസ് സ്കൂളിലേക്ക് കുട്ടികളുമായി ഓട്ടോ ഓടിച്ചു വരികയായിരുന്നു വിജിഷ. കരിങ്കയം ഫോറസ്റ്റ് ഓഫീസിനടുത്തുവച്ച് റോഡിനു കുറുകെ ഓടിയ പന്നിക്കൂട്ടം ഓട്ടോയിലിടിച്ചു. ഇതോടെ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ റോഡിൽ മറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ വിജിഷയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിൽ ഓട്ടോയിലെ യാത്രക്കാരായ മൂന്ന് സ്കൂൾ കുട്ടികൾക്കും പരിക്കേറ്റിരുന്നു. അമ്മ നഷ്ടപ്പെട്ടതിന്റെ സങ്കടത്തിലാണ് പത്താംക്ലാസിൽ പഠിക്കുന്ന ഇവരുടെ മൂത്തമകൻ അശോകും ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ആകാശും. വിജീഷയുടെ വീടായ നെല്ലിയാമ്പടത്താണ് ഇവരിപ്പോൾ. മുത്തശ്ശി രുക്മിണിയാണ് ഇവരെ നോക്കുന്നത്. ഭാര്യ നഷ്ടപ്പെട്ടതോടെ കിഴക്കഞ്ചേരി വക്കാല ആലംപള്ളം മനോജ്, വീട്ടിൽ തനിച്ചാണ്. ഭാര്യയുടെ വിയോഗം ഈ യുവാവിനും ഇനിയും ഉൾക്കൊള്ളാനായിട്ടില്ല.
തന്റെ ധൈര്യവും ശക്തിയുമായിരുന്നു അവൾ. എന്നെ സഹായിക്കാനാണ് ഡ്രൈവിംഗ് പഠിച്ചത്. ഏഴുവർഷമായി യാതൊരു അപകടവും ഇല്ലാതെയുള്ള യാത്രയായിരുന്നു കണ്ണു നിറഞ്ഞ് ഭർത്താവ് മനോജ് പറഞ്ഞു. വീട് ശൂന്യമായി. സ്കൂൾ ട്രിപ്പ് കഴിഞ്ഞ് മനോജ് വണ്ടി വീട്ടുവളപ്പിൽ കയറ്റിയിടും. ഭക്ഷണം കടകളിൽ നിന്നും കഴിക്കും. അടുത്തുള്ള മാതാപിതാക്കളാണ് മനോജിനെ ആശ്വസിപ്പിക്കാനുള്ളത്.
എല്ലാം നഷ്ടപ്പെട്ടിട്ടും നഷ്ടപരിഹാരമായി ഒന്നും ലഭിച്ചില്ല. നവ കേരള യാത്രയിലും പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. ഫണ്ടില്ലെന്ന വിശദീകരണമാണ് എപ്പോഴും. കടങ്ങളും വായ്പകളുമായി പിടിച്ചുനിൽക്കാനാകുന്നില്ല, മനോജ് പറയുന്നു. അമ്മയില്ലാതെ വളരുന്ന മക്കളുടെ ഭാവിയിലും ഈ അച്ഛനേറെ ആശങ്കയുണ്ട്.