നെല്ലിയാമ്പതി ഗവ. ഓറഞ്ച് ഫാമിലെ പ്രവേശന ഫീസ് ഉടൻ നടപ്പാക്കില്ല
1394505
Wednesday, February 21, 2024 5:46 AM IST
നെല്ലിയാമ്പതി: ഗവ. ഓറഞ്ച് ഫാമിലെത്തുന്ന സന്ദർശകരിൽ നിന്ന് ഫീസ് ഇടാക്കാനുള്ള തീരുമാനം ഉടൻ നടപ്പാക്കില്ല. കൃഷിവകുപ്പ് ഡയറക്ടറുടെ ശുപാർശപ്രകാരമാണ് വകുപ്പ് അണ്ടർ സെക്രട്ടറി ഫാം ടൂറിസത്തിന്റെ ഭാഗമായി വിനോദസഞ്ചാരികൾക്ക് പ്രവേശന ഫീസ് ഈടാക്കാൻ തീരുമാനിച്ച് വെള്ളിയാഴ്ച ഉത്തരവിറക്കിയത്.
ഇതുപ്രകാരം 15 വയസിനു മുകളിലുള്ളവർക്ക് 25 രൂപയും ഏഴുമുതൽ 15 വയസു വരെയുള്ളവർക്ക് 10 രൂപയുമാണ് പ്രവേശനഫീസ് ഏർപ്പെടുത്തിയത്. നിലവിൽ ഫാമിലെ കൃഷിസ്ഥലങ്ങൾ മുഴുവൻ കാണുന്നതിന് സഞ്ചാരികൾക്ക് അനുമതിയില്ല.
പാഷൻഫ്രൂട്ട്, പേരക്ക തുടങ്ങി തൈകളും ഫാമിൽ ഉത്പാദിപ്പിക്കുന്ന സ്ക്വാഷ്, ജാം, ജെല്ലി തുടങ്ങിയവയുടെ വില്പനയും ഫാമിന്റെ മുൻവശത്തായി ഒരുക്കിയിട്ടുണ്ട്.
മാതൃകാ തോട്ടങ്ങളും പൂന്തോട്ടവും ഉൾക്കൊള്ളുന്ന കുറച്ചുഭാഗവും ചെക്ഡാമിന് സമീപവും മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്.
തണുപ്പ് കൂടിയ പ്രദേശങ്ങളിൽ മാത്രം വളരുന്ന പൂച്ചെടികളും ബ്രോക്കോളി, കോളിഫ്ളവർ, കാരറ്റ്, ബീറ്റ് റൂട്ട് തുടങ്ങിയ പച്ചക്കറികൃഷിയും സ്ട്രോബെറി, മുന്തിരി, ഓറഞ്ച് തുടങ്ങിയ ചില ഫല വർഗങ്ങളുടെ ചെടികളും നേരിട്ടു കാണുന്നതിനുള്ള അവസരമാണ് ഫാമിലേക്ക് സന്ദർശകരെ ആകർഷിക്കുന്നത്.
അവധി ദിവസങ്ങളിലുൾപ്പെടെ നിരവധിയാളുകളാണ് ഫാം കാണാനെത്തുന്നത്. എന്നാൽ സന്ദർശകർക്ക് വിശ്രമിക്കുന്നതിന് ഇരിപ്പിടങ്ങളോ ലഘുഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യമോ തണലിടങ്ങളോ മൂത്രപ്പുരയോ ഇല്ലാത്തത് ദുരിതമാകുന്നു.
ഇതിനുമുൻപ് സഞ്ചാരികൾക്കാവശ്യമായ അടിസ്ഥാന സൗകര്യമൊരുക്കണമെന്ന് വെള്ളിയാഴ്ച ഓറഞ്ച് ഫാമിൽ നടന്ന അവലോകന യോഗത്തിൽ കൃഷിമന്ത്രി പി. പ്രസാദ് ആവശ്യപ്പെട്ടിരുന്നു.
ഇതേത്തുടർന്നാണ് സഞ്ചാരികൾക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കിയശേഷം പ്രവേശനഫീസ് ഈടാക്കുന്നതിന് തീരുമാനമായത്.
അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ സന്ദർശകരിൽ നിന്ന് പ്രവേശനഫീസ് വാങ്ങുന്നത് തൊഴിലാളികൾക്കുനേരെ പ്രതിഷേധത്തിന് കാരണമാകുമെന്ന് തൊഴിലാളി യൂണിയൻ ഭാരവാഹികൾ അറിയിച്ചു.