മണ്ണാർക്കാട് പൂരം തുടങ്ങി; കൊടിയേറ്റം ഇന്ന്
1394205
Tuesday, February 20, 2024 6:56 AM IST
മണ്ണാര്‍ക്കാട്: വള്ളുവനാടിന്റെ പുരപെരുമയായ അരക്കുർശി ഉദയര്‍കുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരം തുടങ്ങി. പൂരം പുറപ്പാട് ഞായറാഴ്ച രാത്രി വർണാഭമായി നടന്നു. ഇത്തവണത്തെ പൂരം പുറപ്പാടിന് ഗജവീരൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഉദയര്‍കുന്ന് ഭവഗതിയുടെ തിടമ്പേറ്റാനെത്തിയത് പൂരപ്രേമികൾക്കും ആനപ്രേമികൾക്കും ആവേശമായി.
രാവിലെ ക്ഷേത്രം തന്ത്രി പന്തലക്കോടത്ത് ശങ്കരനാരായണന് നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ താന്ത്രിക ചടങ്ങുകളും പൂജകളും നടന്നു. വൈകുന്നേരം ദീപാരാധന, തുടർന്ന് മെഗാ തിരുവാതിര കളിയും നടന്നു. രാത്രി 11 നാണ് പൂരം പുറപ്പാട് നടന്നത്. തുടര്‍ന്ന് ആറാട്ടെഴുന്നെള്ളിപ്പ്, മേളം, ഇടയ്ക്ക പ്രദക്ഷിണം എന്നിവയുണ്ടായി. വിശേഷാല്‍ പൂജകളും രാവിലെയും രാത്രിയും ആറാട്ടെഴുന്നെള്ളിപ്പുമുണ്ടാകും.
രാത്രിയില്‍ വിവിധ കലാപരിപാടികളും അരങ്ങേറും. ഇന്നലെ രണ്ടാം പൂരം ദിവസം ചാക്യാർകൂത്ത്, തായമ്പക, ഗാനമേള എന്നിവ നടന്നു, ഇന്ന് മൂന്നാം പൂരനാളില്‍ കൊടിയേറ്റ് നടക്കും. ചാക്യാർകൂത്ത് ഉണ്ടാവും. 21ന് നാലാംപൂരം ചാക്യാർകൂത്ത്, തായമ്പക, നൃത്തനൃത്യങ്ങൾ, 22ന് കൂട്ടുവിളക്ക്, ഓട്ടൻതുള്ളൽ, തായമ്പക, സംഗീത വാദ്യ വിസ്മയം, 23ന് ചെറിയാറാട്ട്, ഓട്ടൻതുള്ളൽ ഡബിൾ തായമ്പക, ഫ്യൂഷൻ ബാൻഡ് നടക്കും. രാവിലെ ക്ഷേത്രാങ്കണത്തില്‍ ആനച്ചമയ പ്രദര്‍ശനമുണ്ടാകും.
24നാണ് വലിയാറാട്ട്. രാവിലെ മേജര്‍സെറ്റ് പഞ്ചവാദ്യം, 11 മുതല്‍ കുന്തിപ്പുഴ ആറാട്ട് കടവില്‍ കഞ്ഞിപ്പാര്‍ച്ച, ഓട്ടൻതുള്ളൽ,ഡബിൾ നാദസ്വരം, ഡബിൾ തായമ്പക, കുടമാറ്റം, പഞ്ചാരിമേളം എന്നിവ നടക്കും. 25ന് ചെട്ടിവേല ദിവസം വൈകുന്നേരം ത്രാബലി, താന്ത്രിക ചടങ്ങുകള്‍ക്ക് ശേഷം പഞ്ചവാദ്യ അകമ്പടിയോടെ സ്ഥാനീയ ചെട്ടിയാന്മാരെ ആനയിക്കൽ, ദേശവേലകള്‍, ഘോഷയാത്ര എന്നിവയുണ്ടാവും. തുടര്‍ന്ന് ദീപാരാധന, ആറാട്ട്, 21 പ്രദക്ഷിണത്തിന് ശേഷം കൊടിയിറക്കം എന്നിവക്കുശേഷം അത്താഴ പൂജയോടെ മണ്ണാർക്കാട് പൂരത്തിന് സമാപനം കുറിക്കും.