സൗഹൃദ കൂട്ടായ്മയിലൂടെ നിർമിച്ച വീടിന്റെ താക്കോൽദാന ചടങ്ങ് നടത്തി
1394202
Tuesday, February 20, 2024 6:56 AM IST
നെന്മാറ: സൗഹൃദത്തിലൂടെ പിറന്നത് ഒരു ഭവനം. നെന്മാറ കേന്ദ്രമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ ലൈഫ് സ്കിൽസ് ലേർണിംഗിന്റേയും കാനഡ കേന്ദ്രമായി പ്രവർത്തിക്കുന്ന അഹിംസാ ഗ്രൂപ്പിന്റേയും സഹകരണത്തിൽ നെന്മാറ ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ അളുവശേരി വെള്ളപ്പാറ കുന്നിലെ രാജൻ-ദേവു ദമ്പതികൾക്കായുള്ള പുതിയ ഭവനത്തിന്റെ താക്കോൽദാന ചടങ്ങ് നടത്തി.
അസുഖബാധിതരായി കിടക്കുന്ന ആദിവാസി വിഭാഗത്തിൽപ്പെട്ട കുടുംബത്തിന് വിവിധ വ്യക്തികളുടെയും സന്നദ്ധ സംഘടനകളുടെയും സാമൂഹ്യ പ്രവർത്തകരുടെയും കൂട്ടായ്മയിലാണ് ഭവനം പൂർത്തീകരിച്ചത്. താക്കോൽദാന ചടങ്ങിന്റെ ഉദ്ഘാടനം രമ്യ ഹരിദാസ് എംപി നിർവഹിച്ചു.
നെന്മാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രകാശൻ അധ്യക്ഷനായി. സെന്റർ ഫോർ ലൈഫ് സ്കിൽസ് ലേർണിംഗ് ഡയറക്ടർ അശോക് നെന്മാറ, അഹിംസ ഗ്രൂപ്പ് സെക്രട്ടറി ശ്രീകാന്ത് മഠത്തിൽ, സോമൻ, ആർ.രാധാകൃഷ്ണൻ, സാമൂഹ്യപ്രവർത്തകരായ എം. വിവേഷ്, ഹരി കിള്ളിക്കാവിൽ, വി. ഗോപി, സജിത്, അഭിരാമി, അദ്വൈത കലാധരൻ എന്നിവർ പ്രസംഗിച്ചു.