രാപ്പകൽസമരത്തിനൊപ്പം പൊതുജനങ്ങൾക്ക് സേവനവുമായി കോൺഗ്രസ് മെംബർമാർ
1394201
Tuesday, February 20, 2024 6:56 AM IST
വടക്കഞ്ചേരി: വടക്കഞ്ചേരി പഞ്ചായത്ത് ഓഫീസിൽ കോൺഗ്രസ് മെംബർമാരുടെ അനിശ്ചിതകാല രാപ്പകൽ സമരം തുടരുന്നത് പൊതുജനങ്ങൾക്ക് ആവശ്യമായ സേവനം ചെയ്ത്. വിവിധ ആവശ്യങ്ങൾക്കായി ഓഫീസിലെത്തുന്നവർക്ക് രാഷ്ട്രീയ വ്യത്യാസമില്ലാതെ തങ്ങൾക്കാകുന്ന സേവനങ്ങൾ ചെയ്താണ് സമരം തുടരുന്നതെന്ന് മെംബർമാർ പറഞ്ഞു.
അപേക്ഷാ ഫോറങ്ങൾ പൂരിപ്പിക്കുന്നതിനും മറ്റു നിർദേശങ്ങൾ നൽകുന്നതും സമരം നടത്തുന്ന ഓഫീസ് മുറ്റത്തു വച്ചാണ്. പൊതു ജനങ്ങൾക്കും ഇത് വലിയ സഹായമാണ്. ഹെൽപ്പ് ഡെസ്ക്കായി മാറിയിരിക്കുകയാണ് സമര സ്ഥലം. തങ്ങളുടെ ആവശ്യത്തിൽ തീരുമാനം ഉണ്ടാകും വരെ സമരം തുടരുമെന്ന് മെംബർമാർ അറിയിച്ചു.
രമ്യ ഹരിദാസ് എംപിയുടെ വികസന ഫണ്ട് പ്രയോജനപ്പെടുത്തി അനുവദിച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റുകൾ വാർഡുകളിൽ സ്ഥാപിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ടാണ് ഒരാഴ്ചയോളമായി പഞ്ചായത്ത് ഓഫീസിൽ കോൺഗ്രസ് മെംബർമാർ രാപകൽ സമരം നടത്തുന്നത്. 14ന് വൈകീട്ട് നടന്ന ബോർഡ് യോഗത്തോടെയായിരുന്നു സമരം ആരംഭിച്ചത്.
പഞ്ചായത്തിലെ ജീവനക്കാർക്കോ പൊതുജനങ്ങൾക്കോ ബുദ്ധിമുട്ടുണ്ടാകാത്ത വിധമാകും തങ്ങളുടെ സമരം തുടരുകയെന്ന് മെംബർമാർ അറിയിച്ചു.
ഓഫീസ് സമയത്ത് ഓഫീസ് മുറ്റത്തും ഓഫീസ് സമയം കഴിഞ്ഞാൽ ഗെയ്റ്റിനു പുറത്തുമാണ് സമരം. ഗാന്ധിജിയുടെ പടം വച്ച് അലങ്കരിച്ച് സമാധാന സമരമാണ് നടക്കുന്നത്. വിഷയത്തിൽ തീരുമാനം വൈകിയാൽ കോടതിയെ സമീപിക്കാനാണ് തീരുമാനം. ലൈറ്റുകൾ സ്ഥാപിക്കാൻ ഇപ്പോൾ അനുമതി ലഭിച്ചില്ലെങ്കിൽ തെരഞ്ഞെടുപ്പു പ്രഖ്യാപനം വന്നാൽ പിന്നെ എല്ലാം നഷ്ടപ്പെടും. ഇത് ഫണ്ട് ലാപ്സാകുന്നതിനും ആനുകൂല്യം നഷ്ടപ്പെടുന്നതിനും കാരണമാകുമെന്ന് മെംബർമാർ പറയുന്നു.
എംപി വഴി വാർഡുകളിൽ വഴിവിളക്കുകൾ സ്ഥാപിച്ചാൽ അത് ഭരണകക്ഷിയായ സിപിഎമ്മിന് നാണക്കേടും കോൺഗ്രസ് രാഷ്ട്രീയ മുതലെടുപ്പു നടത്തുമെന്നോക്കെയുള്ള ആശങ്കയാണ് ലൈറ്റ് വിഷയം വിവാദത്തിലേക്ക് നീങ്ങിയതെന്ന വിലയിരുത്തലാണുള്ളത്.കെ. മോഹൻദാസ്, സി. മുത്തു, അമ്പിളി മോഹൻദാസ്, സതീഷ്കുമാർ എന്നീ മെംബർമാരാണ് സമരം തുടരുന്നത്.