പൊളിഞ്ഞു വീഴാറായ വീട്ടിൽ ഏകയായി കുഞ്ച
1393883
Monday, February 19, 2024 1:21 AM IST
വണ്ടാഴി: വണ്ടാഴി ആറാം വാർഡ് ചേരുംകോട്ടിൽ പരേതനായ വെള്ളയുടെ ഭാര്യ കുഞ്ച താമസിക്കുന്നതു സുരക്ഷിതമല്ലാത്ത വീട്ടിൽ.
ഭർത്താവിന്റെ മരണത്തോടെ ഒറ്റപ്പെട്ട കുഞ്ച വലതു കൈയിലെ എല്ലു പൊട്ടി ജോലിചെയ്യാൻ പോലുമാവാത്ത അവസ്ഥയിലാണ്. മൂന്നു പെൺ മക്കളുടെയും വിവാഹം നേരത്തെ കഴിഞ്ഞിരുന്നു.
കാറ്റിലും മഴയിലും ഏതുസമയത്തും വീണുപോകാവുന്ന ഒരു വീട്ടിൽ ഒറ്റക്ക് താമസിക്കാൻ കഴിയാത്തതിനാൽ അയൽപക്കകാരുടെ കരുണയിലാണു താമസം. അയൽക്കാരനായ അനീഷ് തന്റെ വീടിന്റെ ഒരുഭാഗം വിട്ടുകൊടുത്തതിലാണു കുഞ്ചയിപ്പോൾ താമസിക്കുന്നത്.
കൈയിലെ പരിക്ക് ഭാഗികമായി മാത്രമാണ് ചികിൽസിച്ച് ഭേദമായിട്ടുള്ളത്. തൊഴിലിനു പോകാനാവാത്ത നിലയിൽ ജീവിതം ഒരു ചോദ്യചിഹ്നമായി മാറിയിരിക്കുകയാണിപ്പോൾ.
പഞ്ചായത്തിൽ നിന്ന് മേൽപ്പുര നന്നാക്കാനുള്ള തുക വർഷങ്ങൾക്കുമുൻപ് അനുവദിച്ചിരുന്നെങ്കിലും മണ്ണ് ഉപയോഗിച്ചുകെട്ടിയ ചുമരുകളിൽ മേൽപ്പുര മേയുന്നതു ഗുണം ചെയ്യില്ലാത്തതിനാൽ അതു നിരസിക്കുകയാണുണ്ടായത്.
കിടന്നുറങ്ങാനൊരു കൊച്ചു ഭവനം എന്നത് കുഞ്ചക്കൊരു വിദൂരസ്വപനമായി മാറിയിരിക്കുകയാണ്.
സുമനസുകളുടെയും അധികൃതരുടെയും മനസലിവിനു വേണ്ടി കാത്തിരിക്കുന്ന കുഞ്ചയുടെ ദുരവസ്ഥ നേരിട്ടുകാണാൻ ഇതുവരെ ആരും തയാറാവുന്നുമില്ല എന്നതാണ് യാഥാർഥ്യം.