പഞ്ചവാദ്യപ്പെരുമ കാത്ത് പെരിങ്ങോട് സ്കൂൾ
1376672
Friday, December 8, 2023 1:35 AM IST
പാലക്കാട്: പഞ്ചവാദ്യത്തിൽ പെരിങ്ങോടിന്റെ പെരുമക്ക് തടയിടാൻ ആളില്ല.
ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ പഞ്ചവാദ്യത്തിൽ ഒന്നാം സ്ഥാനം പെരിങ്ങോട് നിലനിർത്തി. പതിറ്റാണ്ടുകളായി സംസ്ഥാനതലത്തിലും പഞ്ചവാദ്യത്തിൽ പെരിങ്ങോടാണ് അടക്കിവാഴുന്നത്.
പെരിങ്ങോടിന്റെ പെരുമ കാക്കുന്നത് അവിടുത്തെ പൂർവവിദ്യാർഥികൾ തന്നെയാണ്. പെരിങ്ങോട് ഹൈസ്കൂൾ പഞ്ചവാദ്യ സംഘം എന്ന പേരിൽ പ്രവർത്തിക്കുന്ന ട്രൂപ്പാണ് പെരിങ്ങോടിന്റെ ബലം. എണ്‍പതോളം പേരടങ്ങുന്ന പെരിങ്ങോട് പഞ്ചവാദ്യ സംഘം വെറും സ്കൂൾ ട്രൂപ്പ് മാത്രമായി ഒതുങ്ങുന്നില്ല.
നിരവധി പൂരങ്ങൾ അവർ ഏറ്റെടുത്ത് നടത്തുന്നുണ്ടെന്ന് സംഘം സെക്രട്ടറി എൻ. സേതുമാധവൻ പറഞ്ഞു. കുട്ടികളുമായി പാലക്കാട്ടെത്തിയ പെരിങ്ങോട് സംഘത്തിൽ 1976ൽ പെരിങ്ങോട് സ്കൂൾ ഒന്നാം സമ്മാനം നേടിയ പഞ്ചവാദ്യ സംഘത്തിലെ പി. മുരളീധരനും ഉണ്ടായിരുന്നു.
1982ൽ പത്താം ക്ലാസിൽ പഠിക്കുന്പോൾ പെരിങ്ങോടിനു വേണ്ടി മത്സരിച്ച വി.ടി. രാജനും സംഘത്തിനൊപ്പം ഉണ്ട്.
ഇത്തവണ ഹൈസ്കൂൾ പഞ്ചവാദ്യത്തിൽ ഒന്നാം സമ്മാനം നേടിയ പെരിങ്ങോടിന്റെ താരങ്ങൾ: തിമില-സിദ്ധാർത്ഥ്, മൃദുൽ, മദ്ദളം-ദർശിൽ, ഇലത്താളം-അരുണ്‍കുമാർ, അമൽദേവ്, ഇടയ്ക്ക-അനന്തൻ, കൊന്പ്-നവീൻ കൃഷ്ണ.
ഹയർ സെക്കൻഡറി വിഭാഗം പഞ്ചവാദ്യത്തിൽ സമ്മാനം നേടിയ ടീം: തിമില-സംഗീത്, ആദർശ്, മദ്ദളം-അഭിഷേക്, ഇലത്താളം-അഭിജിത്ത്, അലൻ, ഇടയ്ക്ക-ഹരിഗോവിന്ദ്, കൊന്പ്-അഖിൽദേവ്.