പട്ടാമ്പി ബൈപാസ്: കട്ടവിരിക്കൽ അന്തിമഘട്ടത്തിൽ
1376665
Friday, December 8, 2023 1:35 AM IST
ഷൊർണൂർ: രണ്ട് പ്രധാനപാതകളെ ബന്ധിപ്പിക്കുന്ന പട്ടാമ്പി ബൈപാസ് ഒന്നാംഘട്ട പ്രവൃത്തി പരിസമാപ്തിയിലേക്ക്. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രവൃത്തി നടക്കുന്നത്. സംസ്ഥാന സർക്കാർ അനുവദിച്ച രണ്ട് കോടി ഉപയോഗിച്ചാണ് ആദ്യഘട്ട നിർമാണം പൂർത്തിയാക്കുന്നത്. ബൈപ്പാസ് യാഥാർഥ്യമാകുന്നതോടെ പട്ടാമ്പി താലൂക്ക് ആശുപത്രി, മിനി സിവിൽ സ്റ്റേഷൻ, മുനിസിപ്പാലിറ്റി, വില്ലേജ് ഓഫീസ് തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് ടൗൺ തൊടാതെ എത്താൻ കഴിയും. നഗരത്തിന്റെ തിരക്കിൽ നിന്നൊഴിഞ്ഞ നിരത്തായതിനാൽ പ്രഭാത- സായാഹ്ന സവാരിക്കും സൗകര്യമാവും.
പട്ടാമ്പി ടൗണിൽ തീരാശാപമായി തുടരുന്ന ഗതാഗതക്കുരുക്കിന് പരിഹാരമായാണ് പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് ഒന്നര പതിറ്റാണ്ടു മുമ്പ് പദ്ധതി ആവിഷ്കരിച്ച് നിർമാണം തുടങ്ങിയത്. ഒന്നര പതിറ്റാണ്ടു മുമ്പ് നിർമാണം തുടങ്ങിയ വികസന പ്രവൃത്തിയാണ് ഇപ്പോൾ യാഥാർഥ്യത്തോട് അടുക്കുന്നത്. വിവിധ കാരണങ്ങളാൽ പലവട്ടം മുടങ്ങിയ പദ്ധതിയാണ് കഴിഞ്ഞ വർഷം റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി സർക്കാർ രണ്ടുകോടി അനുവദിച്ചത്. പട്ടാമ്പി- പെരിന്തൽമണ്ണ റോഡിലെ കണ്ടൻതോട് പ്രദേശത്തുനിന്നാണ് ആദ്യഘട്ട നിർമാണം തുടങ്ങിയത്.
പെരിന്തൽമണ്ണ റോഡിലെ മത്സ്യചന്തയ്ക്കു സമീപത്തുനിന്ന് തുടങ്ങി മുതുതല പഞ്ചായത്തിലെ പള്ളിപ്പുറം റോഡിൽ ചേരുന്നതാണ് ബൈപ്പാസ്. പട്ടണത്തിൽ പ്രവേശിക്കാതെ വാഹനങ്ങൾക്ക് പുറത്തെത്താൻ കഴിയും.
മുഹമ്മദ് മുഹ്സിൻ എംഎൽഎയുടെ ഇടപെടലിന്റെ ഭാഗമായാണ് ബൈപാസ് റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തിയത്.
നഗരസഭാ പരിധിയിൽ 2.2 കിലോമീറ്ററാണ് നിർമാണം. കൂടുതൽ ശോച്യാവസ്ഥയിലുള്ള ഭാഗങ്ങളിലാണ് കോൺക്രീറ്റ് കട്ടവിരിച്ചത്.
ആദ്യഘട്ടത്തിൽ ഒരു കിലോമീറ്റർ ദൂരമാണ് നവീകരിക്കുന്നത്. കട്ട വിരിക്കലിനുശേഷം രണ്ടുവശത്തെ കോൺക്രീറ്റ് ഉൾപ്പെടെ 6.10 മീറ്ററാണ് ആകെ റോഡിന്റെ വീതിയുണ്ടാവുക. നഗരസഭാ മത്സ്യമാർക്കറ്റ് മുതൽ ലിബർട്ടി സ്ട്രീറ്റ് വരെയാണ് പാത നവീകരണം നടപ്പാക്കാൻ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. അതു കഴിഞ്ഞാൽ രണ്ടാം ഘട്ട നിർമാണം തുടങ്ങും.
പ്രവൃത്തി വിലയിരുത്താൻമുഹമ്മദ് മുഹ്സിൻ എംഎൽഎയും നഗരഭരണ സാരഥികളും നിരത്ത് സന്ദർശിച്ചു.