കുളപ്പുള്ളി -പട്ടാമ്പി പാത നവീകരണം ഉടൻ പൂർത്തിയാക്കും
1376662
Friday, December 8, 2023 1:35 AM IST
ഷൊർണൂർ: കുളപ്പുള്ളി - പട്ടാമ്പി പാത നവീകരണം ഉടൻ പൂർത്തിയാക്കാൻ നടപടി. പാതയുടെ പ്രവൃത്തികൾ അതിവേഗത്തിലാണ് നടന്നു വരുന്നത്. ഇതിന്റെ ഭാഗമായി റോഡരികിലെ മരങ്ങൾ മുറിച്ചുമാറ്റി വീതികൂട്ടൽ അന്തിമഘട്ടത്തിലാണ്. കലുങ്കുകളുടെയും ചെറിയ പാലങ്ങളുടെയും നിർമാണവും അന്തിമഘട്ടത്തിലാണ്.
കിഫ്ബി ഫണ്ട് ഉപയാഗിച്ചാണ് സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച പ്രവൃത്തി നടപ്പാക്കുന്നത്. കേരള റോഡ് ഫണ്ട് ബോർഡിനാണ് (കെആർഎഫ്ബി) നിർമാണ ചുമതല. റോഡു സർവേ നടത്തി കൈയേറ്റങ്ങൾ മുഴുവൻ ഒഴിപ്പിച്ച് കഴിഞ്ഞു. റോഡിലൂടെയും നിർദിഷ്ട നിർമാണപ്രദേശത്തിലൂടെയും കടന്നുപോകുന്ന വൈദ്യുതി ലൈനുകളും, പൈപ്പ് ലൈനുകളും മാറ്റി സ്ഥാപിച്ചു കഴിഞ്ഞു.
പട്ടാമ്പി ടൗണിലടക്കം റോഡ് വീതി കൂട്ടിയാണ് നവീകരിക്കുന്നത്. സ്ഥലലഭ്യതയുള്ളിടത്ത് 15 മീറ്റർ വീതിയിലും, മറ്റുസ്ഥലങ്ങളിൽ പത്ത് മീറ്റർ വീതിയിലുമാണ് റോഡ് നവീകരിക്കുന്നത്.
63.08 കോടി രൂപയാണ് പദ്ധതിയുടെ അടങ്കൽ തുക. ആവശ്യമായ സ്ഥലങ്ങളിൽ അഴുക്കുചാലും നിർമിക്കുന്നുണ്ട്. 11.4 കിലോമീറ്റർ പാതയാണ് നവീകരിക്കുന്നത്. നിലവിൽ പട്ടാമ്പി-കുളപ്പുള്ളി പാത അപകടപാതയാണ്. ഓങ്ങല്ലൂർ അടക്കമുള്ള സ്ഥലങ്ങൾ പാടേ തകർന്നാണ് കിടന്നിരുന്നത്. പട്ടാമ്പി പട്ടണത്തിലടക്കം റോഡിൽ കുഴികൾ നിറഞ്ഞാണ് കിടക്കുന്നത്. കുളപ്പുള്ളി ഭാഗത്തും റോഡിന്റെ സ്ഥിതി പരമദയനീയമായിരുന്നു.