മണ്ണാർക്കാട് സ്വദേശി സൗദിയിൽ കുത്തേറ്റു മരിച്ചു
1376274
Wednesday, December 6, 2023 10:46 PM IST
മണ്ണാർക്കാട്: സൗദി ജിസാൻ ദർബിൽ മലയാളി കുത്തേറ്റു മരിച്ചു. മണ്ണാർക്കാട് കൂമ്പാറ ചേരിക്കപ്പാടം അബ്ദുൽ മജീദാണ് (46) കൊല്ലപ്പട്ടത്. ചൊവ്വാഴ്ച രാത്രി സൗദി സമയം ഒമ്പതുമണിയോടെയാണ് സംഭവം. പ്രതികളെന്നു സംശയിക്കുന്ന മൂന്ന് ബംഗ്ലാദേശി സ്വദേശികളിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തുവെന്നാണ് വിവരം.
വർഷങ്ങളായി ദർബിൽ കട നടത്തി വരികയാണ് മജീദ്. അവിടെ ജോലി അന്വേഷിച്ചുവന്ന ഒരു ബംഗ്ലാദേശിയോടു ജോലിയില്ലെന്നു പറഞ്ഞ് തിരിച്ചയച്ചതിനെതുടർന്നുണ്ടായ വാക്കുതർക്കത്തെതുടർന്നുണ്ടായ കലഹമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് അറിയുന്നത്. വിവരമറിഞ്ഞ് പോലീസെത്തി നടപടിക്രമങ്ങൾക്കുശേഷം മൃതദേഹം ദർബിലെ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ 15 വർഷമായി മജീദ് സൗദി അറേബ്യയിൽ ജോലി ചെയ്തുവരികയായിരുന്നു മജീദ്. സഹോദരങ്ങളായ സൈനുദ്ദീൻ, സിയാവുദീൻ എന്നിവരും സൗദിയിൽതന്നെയാണ് ജോലി ചെയ്യുന്നത്.
രണ്ടു മാസം മുന്പ് മകൾ നാജിയുടെ വിവാഹത്തിനു വന്ന് പോയതാണ്. ഭാര്യ: റൈഹാനത്ത്. മക്കൾ: മിഥിലാജ്, നാജിയ.