നവകേരള സദസ്: ജില്ലയിൽ ലഭിച്ച നിവേദനങ്ങളിൽ നടപടി ആരംഭിച്ചു
1376110
Wednesday, December 6, 2023 1:18 AM IST
പാലക്കാട് : ഡിസംബർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിലായി മുഖ്യമന്ത്രിയും വിവിധ വകുപ്പ് മന്ത്രിമാരും നേരിട്ട് ജനങ്ങളുമായി സംവദിച്ച നവകേരള സദസിൽ ലഭിച്ച നിവേദനങ്ങളിൽ കളക്ടറേറ്റിന്റെ നേതൃത്വത്തിൽ നടപടി ആരംഭിച്ചു.
മണ്ഡലതലത്തിൽ ലഭിച്ച നിവേദനങ്ങൾ താലൂക്കുകൾ മുഖേന വെബ് സൈറ്റിൽ അപ്ലോഡ് ചെയ്ത്, കളക്ടറേറ്റ് റവന്യു വിഭാഗം പരിശോധിച്ച് ബന്ധപ്പെട്ട വകുപ്പുകളിലേക്ക് കൈമാറ്റം ചെയ്യുന്ന പ്രവർത്തനമാണ് പുരോഗമിച്ചു വരുന്നത്.
നിവേദനങ്ങൾ ലഭ്യമായ ദിവസം മുതൽ 30 ദിവസത്തിനകമാവും തീർപ്പാക്കുക. അതേസമയം മന്ത്രിസഭ, സർക്കാർ തലങ്ങളിൽ പരിശോധിക്കേണ്ടവ 45 ദിവസത്തിനകം തീർപ്പാക്കും.
പൊതുജനങ്ങൾക്ക് നിവേദനത്തിലുള്ള നിലവിലെ സ്ഥിതിയും പരാതി ഏത് വകുപ്പാണ് കൈകാര്യം ചെയ്യുന്നതെന്നും അറിയാൻ നവകേരള സദസിന്റെ വെബ്സൈറ്റിൽ കയറി പരാതി സ്ഥിതി എന്ന വിഭാഗത്തിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ നന്പർ/മൊബൈൽ നന്പർ നല്കി സബ്മിറ്റ് കൊടുത്താൽ മതിയാകും.
ജില്ലയിൽ മൂന്ന് ദിവസത്തെ നവകേരള സദസിൽ 12 നിയമസഭാ മണ്ഡലങ്ങളിൽ നിന്നായി 61,204 നിവേദനങ്ങളാണ് ലഭിച്ചത്.