കരിമ്പന ദൗത്യവുമായി കല്ലൂർ ബാലൻ
1376102
Wednesday, December 6, 2023 1:18 AM IST
മംഗലം ശങ്കരൻകുട്ടി
ഒറ്റപ്പാലം: കരിമ്പനകളുടെ നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള യജ്ഞവുമായി കല്ലൂർ ബാലൻ. ഒരുകോടി വൃക്ഷതൈകൾ നട്ടുപിടിപ്പിക്കുകയെന്ന ലക്ഷ്യം കൈവരിക്കാൻ പത്തുലക്ഷം കരിമ്പനകൾകൂടി നട്ടുവളർത്തുന്നതിന്റെ തിരക്കിലാണ് അദ്ദേഹം.
"കാവാക്കാൻ, കാടാക്കാൻ’ എന്ന സന്ദേശവുമായാണ് നെല്ലറയുടെ രക്ഷയ്ക്ക് പരിസ്ഥിതി പ്രവർത്തകനായ കല്ലൂർ ബാലൻ ഇറങ്ങിതിരിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം രാമനാഥപുരം ക്ലബ് കൺവൻഷൻ സെന്ററിൽ നടന്ന നവകേരള സദസിന്റെ ഭാഗമായുള്ള പ്രഭാത സദസിൽ ഇക്കാര്യം കല്ലൂർ ബാലൻ അറിയിക്കുകയും ചെയ്തിരുന്നു.
കരിമ്പനകളുടെ നാട് എന്നാണ് പാലക്കാട് ജില്ല അറിയപ്പെടുന്നതെങ്കിലും കരിമ്പനകൾ നാടുനീങ്ങുന്ന സാഹചര്യമാണ് ജില്ലയിലുള്ളത്. വ്യാപകമായി കരിമ്പനകൾ മുറിച്ച് മാറ്റുന്ന സ്ഥിതിയുള്ള സാഹചര്യത്തിലാണ് കരിമ്പനകളുടെ നാട് എന്ന പേര് അക്ഷരാർഥത്തിൽ തിരിച്ചുപിടിക്കുക എന്ന ലക്ഷ്യം കൈവരിക്കാൻ ബാലന്റെ പോരാട്ടം. 2000 ത്തിലാണ് പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനായുള്ള പ്രയത്നം ബാലൻ ആരംഭിക്കുന്നത്. നാളിതുവരെ 25 ലക്ഷത്തോളം വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചതായി ഇദ്ദേഹം പറയുന്നു.
തൊഴിലുറപ്പ്, പഞ്ചായത്ത്, വിദ്യാർഥി സംഘടന, നേച്ചർ ക്ലബ്ബുകൾ തുടങ്ങി വിവിധ സംഘടനകളുടെ സഹായവും ബാലനെ തേടി എത്താറുണ്ട്. ഇറാം മോട്ടിവേഷന്റെ സാമ്പത്തിക സഹായവും ബാലനുണ്ട്.
ഇറാം മോട്ടിവേഷൻ നൽകിയ ബൊലേറോ പിക്കപ്പ് വാനിലാണ് തൈകൾ പല ഭാഗങ്ങളിലേക്കും എത്തിക്കുന്നത്. കൂടാതെ കാട്ടിലെ വന്യജീവികൾക്ക് ഭക്ഷണവും വെള്ളവും എത്തിക്കുന്ന പ്രവൃത്തിയും ബാലനുണ്ട്.
കേരള സർക്കാരിന്റെ വനമിത്ര, പ്രകൃതി മിത്ര, ബയോ ഡൈവേഴ്സിറ്റി ബോർഡ് പുരസ്കാരം, പി.വി. തമ്പി മെമ്മോറിയൽ അവാർഡ്, ഭൂമിമിത്ര, വേൾഡ് മലയാളി അസോസിയേഷന്റെ 1.25 രൂപയുടെ ലക്ഷം കാഷ് അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾക്ക് ബാലൻ അർഹനായിട്ടുണ്ട്.
ഒട്ടേറെ ഡോക്യുമെന്ററികളുടെ സ്രഷ്ടാവുകൂടിയാണ് ഇദ്ദേഹം. വിത്തുകളും വൃക്ഷ തൈകളും തുച്ഛമായ വിലയിൽ വില്പനയും നടത്തുന്നുണ്ട്.