സ്നേഹരാവ്-കലാസന്ധ്യ, ആദ്യ ടിക്കറ്റ് നല്കി ഉദ്ഘാടനം
1375437
Sunday, December 3, 2023 5:12 AM IST
കല്ലടിക്കോട്: തച്ചമ്പാറ സി. അച്യുതമേനോൻ സ്മാരക പാലിയേറ്റീവ് യൂണിറ്റിന്റെ ധനശേഖരണാർത്ഥം സംഘടിപ്പിക്കുന്ന ‘സ്നേഹരാവ്-കലാസന്ധ്യ' ഡിസംബർ 23ന് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
സ്നേഹരാവ് കലാസന്ധ്യ ആദ്യ ടിക്കറ്റ് വിതരണത്തിന്റെ ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ് ഹമീദ് ഹാജിക്ക് നല്കി നിർവഹിച്ചു. കെ.പി. സുരേഷ് രാജ് അധ്യക്ഷനായി. സാന്ത്വന പരിചരണം എന്ന മഹാദൗത്യം വ്യവസ്ഥാപിതമായി നിറവേറ്റാൻ ലക്ഷ്യംവച്ചുള്ളതാണ് തച്ചമ്പാറ സി.അച്യുതമേനോൻ സ്മാരക പാലിയേറ്റീവ് യൂണിറ്റ്.
വാർധക്യത്തിന്റെയും സങ്കീർണ രോഗപീഡകളുടെയും നിസഹായതയുടെയും ജീവിതങ്ങൾക്ക് തുണയേകാൻ സി.അച്യുതമേനോൻ സ്മാരക പാലിയേറ്റീവ് യൂണിറ്റ് വിവിധ കർമ്മ പദ്ധതികളാണ് ആലോചിക്കുന്നത്.
ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സ്നേഹരാവ് കലാസന്ധ്യയിൽസിനിമ ടിവി താരം കിഷോർ നെടുമങ്ങാടും ശിവമുരളിയും സംഘവും നേതൃത്വം നല്കുന്ന വിവിധ കലാപരിപാടികൾ ഉണ്ടാകും. പാലിയേറ്റീവ് സാരഥികളായ ജോർജ് തച്ചമ്പാറ, ചാണ്ടി തുണ്ടുമണ്ണിൽ, ഹമീദ് ഹാജി,ശരത് ബാബു തച്ചമ്പാറ, ഹരിദാസൻ മാസ്റ്റർ, ഡോ.സുനിൽ രാജ് തുടങ്ങിയവർ പങ്കെടുത്തു.