നവകേരള സദസ് ജില്ലാതല സമാപനം ഇന്ന് വടക്കഞ്ചേരിയിൽ; പ്രഭാതസദസിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് പൗരപ്രമുഖർ
1375424
Sunday, December 3, 2023 5:02 AM IST
പാലക്കാട്: ചെയ്യാൻ പറ്റുന്നത് മാത്രം പറയുകയും പറയുന്നത് പ്രാവർത്തികമാക്കുകയും ചെയ്യുന്ന സർക്കാരാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസിനോട് അനുബന്ധിച്ച് പാലക്കാട് രാമനാഥപുരം ക്ലബ് 6 ഹാളിൽ നടന്ന പ്രഭാതസദസിൽ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
സാമൂഹികമായി പിന്നോക്കം നിൽക്കുന്ന ലത്തീൻ സമുദായത്തിന് സർക്കാർ പിന്തുണ ആവശ്യമാണെന്ന് സുൽത്താൻപേട്ട രൂപത ബിഷപ് ഡോ. അന്തോണി സാമി പീറ്റർ അബീർ പറഞ്ഞു. ഇതിന് മറുപടിയായി സർക്കാർ കൂടെയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ലഹരിമുക്ത ഭാരതം എന്ന രാഷ്ട്രപിതാവിന്റെ കാഴ്ചപ്പാട് നടപ്പാക്കാൻ സർക്കാരുകൾ ശ്രമിക്കണമെന്ന് മുജാഹിദീൻ നേതാവ് ഉണ്ണീൻകുട്ടി മൗലവി അഭ്യർഥിച്ചു. രാജ്യമൊന്നാകെ അരക്ഷിതാവസ്ഥയുണ്ടെന്നും ഇത്രയും നാൾ ജീവിച്ച പോലെ ഇനി ജീവിക്കാനാവുമോ എന്ന് വലിയ വിഭാഗം ആശങ്കപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി മറുപടിയായി പറഞ്ഞു.
ലഹരി മാഫിയയെ തകർക്കാൻ സർക്കാർ ശക്തമായ നടപടി എടുക്കുന്നുണ്ടെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളും രക്ഷിതാക്കളും ഈ വിഷയത്തിൽ നിലവിൽ കാണിക്കുന്ന ജാഗ്രത തുടരണമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്ടെ കർഷകർക്ക് മുഖ്യമന്ത്രിയിൽ വലിയ പ്രതീക്ഷയുണ്ടൈന്നും കർഷകരെ രക്ഷിക്കണം എന്ന് പറയാനാണ് എത്തിയതെന്ന് കോണ്ഗ്രസ് നേതാവ് എ.വി. ഗോപിനാഥ് പറഞ്ഞു.
കർഷകരുടെ പ്രശ്നങ്ങൾക്ക് സ്ഥായിയായ പരിഹാരം ഉണ്ടാക്കാൻ ശ്രമിക്കുകയാണ് സർക്കാർ. സാന്പത്തികപ്രയാസമാണ് തടസം. സാങ്കേതികമായ ചില കുരുക്കുകളുമുണ്ട്. ഇതെല്ലാം പരിഹരിച്ച് സർക്കാർ കർഷകരോടൊപ്പം തന്നെയുണ്ടാവും. നാളികേര സംഭരണം ശക്തിപ്പെടുത്തുമെന്നും തൊഴിലുറപ്പ് തൊഴിലാളികളെ കാർഷിക മേഖലയിൽ ലഭ്യമാക്കുന്നതിന് കേന്ദ്രവുമായി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് കോടതി സമുച്ഛയത്തിന്റെ നിർമാണ തടസം നീക്കാൻ സർക്കാർ ഇടപെടണമെന്നാണ് പ്രമുഖ അഭിഭാഷകൻ അഡ്വ. പി.ബി മേനോൻ ആവശ്യപ്പെട്ടത്. കേന്ദ്ര ആർക്കിയോളജി വകുപ്പാണ് നിർമാണത്തിന് തടസം നിൽക്കുന്നതെന്നും കൂട്ടായി ഇത് പരിഹരിക്കാൻ ശ്രമിക്കാമെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു.
ചിന്മയമിഷന് സമീപമുള്ള സ്പോർട്സ് കോംപ്ലക്സും ഇൻഡോർ സ്റ്റേഡിയവും പ്രവർത്തനമാരംഭിക്കാൻ ഇടപെടണമെന്നാണ് സ്വാമി അശേഷാനന്ദ് ആവശ്യപ്പെട്ടത്. ഇത് പരിശോധിച്ച് നടപടിയെടുക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ വിനോദസഞ്ചാരമേഖലയുടെ വികസനത്തിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഡോ. കമ്മപ്പ യോഗത്തിൽ ആവശ്യം ഉന്നയിച്ചു. ടൂറിസവും ഐടിയുമാണ് കേരളത്തിന് അനുയോജ്യമായ മേഖലകളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിനോദസഞ്ചാരമേഖലയെ പ്രോത്സാഹിപ്പിക്കുന്ന നടപടികളാണ് സർക്കാർ സ്വീകരിച്ചുവരുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇ ഗ്രാന്റ്സ് പോലുള്ള സ്കോളർഷിപ്പുകൾ മുടങ്ങികിടക്കുന്നത് സംവരണ വിഭാഗത്തിൽപെട്ട വിദ്യാർഥികളെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് കോളജ് വിദ്യാർഥിനി കാവ്യ ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ വീഴ്ചകൾ ഉണ്ടാവാതിരിക്കാനുള്ള ശ്രദ്ധ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും സ്കോളർഷിപ്പ് വിതരണം കൃത്യമായി കൊണ്ടുപോകാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ദേശീയ-അന്തർദേശീയ സംസ്ഥാനതല മത്സരങ്ങളിൽ മെഡൽ നേടി വരുന്ന കായികതാരങ്ങൾക്ക് സർക്കാർ ജോലി നൽകണമെന്നും സംസ്ഥാനത്തെ സ്കൂളുകളിൽ ഒഴിവുള്ള കായികാധ്യാപകരുടെ തസ്തിക നികത്തണമെന്നും ഒളിന്പ്യൻ പ്രീജ ശ്രീധരൻ ആവശ്യപ്പെട്ടു. കായികതാരങ്ങൾക്ക് ഏറ്റവും അധികം ജോലി നൽകുന്നത് കേരളത്തിലാണെന്ന് മുഖ്യമന്ത്രി മറുപടിയിൽ വ്യക്തമാക്കി.
ക്ഷേമ പെൻഷനുകൾ വേഗം കൊടുത്തുതീർക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും സാമൂഹികപെൻഷനുകൾ ഓരോ മാസവും കൊടുക്കാൻ സർക്കാർ ശ്രമം നടത്തുന്നുണ്ടെന്നും റിട്ട. അധ്യാപകൻ നാരായണൻകുട്ടി ഉന്നയിച്ച പരാതിക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. അട്ടപ്പാടിയിൽ ടൂറിസം വികസനത്തിനുള്ള പിന്തുണയാണ് ഫാ. സജി വട്ടുകളത്തിൽ ആവശ്യപ്പെട്ടത്.
കേരളത്തിലെ ഏറ്റവും വലിയ റിസർവോയറായ മലന്പുഴയിലെ തുരുത്തുകൾ ഇക്കോടൂറിസത്തിന്റെ ഭാഗമാക്കണമെന്നും റിസർവോയറിൽ ഹൗസ് ബോട്ട് സംവിധാനം ആരംഭിക്കാൻ നടപടി സ്വീകരിക്കണമെന്നും ഡോ. പി.ആർ. ശ്രീമഹാദേവൻ പിള്ള അഭിപ്രായപ്പെട്ടു. വാളയാർ കേന്ദ്രീകരിച്ച് ഗതാഗത വികസനം, പ്രഫഷണലുകളെ സമൂഹത്തിനായി പ്രയോജനപ്പെടുത്തൽ തുടങ്ങിയ അഭിപ്രായങ്ങളും ശ്രീമഹാദേവൻപിള്ള മുന്നോട്ടുവെച്ചു. പ്രൊഫഷണലുകളുടെ സേവനം നാടിന് എങ്ങനെ ഉപയോഗപ്പെടുത്താനാവുമെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി മറുപടി നൽകി.
വ്യവസായ മേഖലയെ വിദ്യാഭ്യാസ മേഖലയുമായി ബന്ധിപ്പിക്കണം, പ്രവാസികൾക്ക് സർക്കാരിൽനിന്നും ലഭിച്ച നല്ല അനുഭവങ്ങൾ പങ്കുവെക്കാനുള്ള വേദി ഉണ്ടാക്കണം തുടങ്ങിയ നിർദേശങ്ങളും യോഗത്തിൽ ഉയർന്നുവന്നു. റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി കോങ്ങാട് പാന്പൻതോട് കോളനിയിൽ 92 വീടുകളുടെ നിർമാണം പൂർത്തിയാക്കി നൽകിയതിന് ഉൗരുമൂപ്പൻ നാഗൻ യോഗത്തിൽ സർക്കാരിന് നന്ദി അറിയിച്ചു.
രാവിലെ ഒന്പതിന് ആരംഭിച്ച പ്രഭാത യോഗത്തിൽ ബിഷപ് ഡോ. അന്തോണി സാമി പീറ്റർ അബീർ, അഡ്വ. പി.ബി. മേനോൻ, ഉണ്ണീൻ കുട്ടി മൗലവി, സ്വാമി അശേഷാനന്ദ്, എ.വി. ഗോപിനാഥ്, വ്യവസായി വരദരാജൻ, മുഹമ്മദ് മുസ്ലിയാർ എന്നിവർ മുഖ്യമന്ത്രിയോടൊപ്പം പ്രഭാത ഭക്ഷണം കഴിച്ചു. പ്രഭാതസദസിൽ 230 ഓളം പേർ പങ്കെടുത്തു. 25 ഓളം ടേബിളുകളിലായി ഓരോ മന്ത്രിമാരും പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികളുമെത്തിരുന്നു. ജില്ലാ കളക്ടർ ഡോ. എസ്. ചിത്ര സ്വാഗതം പറഞ്ഞു.
മുൻ മന്ത്രി എ.കെ. ബാലൻ, എംഎൽഎമാരായ കെ. ശാന്തകുമാരി, എ. പ്രഭാകരൻ, കെടിഡിസി ചെയർമാൻ പി.കെ. ശശി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ, മലന്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവൻ, മുൻ എംഎൽഎ ടി.കെ നൗഷാദ്, ഒറ്റപ്പാലം സബ് കളക്ടർ ഡി. ധർമ്മലശ്രീ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ. മണികണ്ഠൻ തുടങ്ങിയവർ പങ്കെടുത്തു.