തോട്ടക്കരക്കാർക്ക് "വഴി'യാശ്വാസം
1375188
Saturday, December 2, 2023 2:07 AM IST
ഒറ്റപ്പാലം: വീടുകൾക്ക് മുമ്പിൽ വഴിമുടക്കിയ വാരിക്കുഴികൾക്ക് മീതെ പലക വിരിച്ച് നഗരസഭ.
പുറത്തിറങ്ങാനാവാതെ വട്ടം തിരിഞ്ഞ തോട്ടക്കര കളരിത്തൊടി മേഖലയിലാണ് താമസക്കാർക്ക് പുറത്തിറങ്ങാൻ താൽക്കാലികമായി ഇരുമ്പുപാളികൾ സ്ഥാപിച്ച് നഗരസഭാധികൃതർ പരിഹാരം കണ്ടത്.
പ്രദേശവാസികളുടെ ബുദ്ധിമുട്ട് ദീപിക വാർത്തയാക്കിയതിനു തൊട്ടുപിന്നാലെയാണ് അധികൃതർ താൽക്കാലിക സംവിധാനമൊരുക്കിയത്.
അഴുക്കുചാലിന് വേണ്ടിയാണ് മേഖലയിൽ ആഴത്തിൽ കുഴികൾ എടുക്കുന്ന നിർമാണം നടത്തിയിരിക്കുന്നത്.
ബദൽ സംവിധാനങ്ങളൊന്നും ഒരുക്കാതെ റോഡ് നിർമാണത്തിന് ചാലു കീറിയതുമൂലം വലിയ ബുദ്ധിമുട്ടിലായിരുന്നു പ്രദേശവാസികൾ.
നഗരസഭാ പരിധിയിൽ മുപ്പതാം വാർഡിൽ തോട്ടക്കര കളരി തൊടി പ്രദേശത്ത് രോഗികൾ ഉള്ള വീടുകൾക്ക് മുന്നിൽ പോലും പകരം ഒരു വഴി ഒരുക്കാതെയാണ് അധികൃതർ ചാലു കീറിയിരിക്കുന്നത്.
ഇതിനു തൊട്ടുതന്നെ മാസങ്ങൾക്ക് മുമ്പ് പൊളിച്ചിട്ടഭാഗങ്ങളിൽ ഇതുവരെ പ്രവർത്തികൾ ഒന്നും തന്നെ തീർന്നിട്ടില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് ഈ ഭാഗത്ത് വീടുകൾക്ക് നേരെ മുൻഭാഗത്തായി വീണ്ടും ചാലുകൾ നിർമിച്ചിട്ടുള്ളത്. അടിയന്തര പ്രാധാന്യത്തോടുകൂടി ചാലുകളിൽ നവീകരണം നടത്തി ഇവ മൂടുന്നതിനു വേണ്ടിയുള്ള നടപടികൾ ഉണ്ടാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.