കണ്ണുതുറക്കുമോ നവകേരളം..? ശാപമോക്ഷം കാത്ത് ചില പാലക്കാടൻ "മാതൃക'കൾ!
1375185
Saturday, December 2, 2023 2:07 AM IST
ജോസ് ചാലയ്ക്കൽ
മലമ്പുഴ: നവകേരള സദസിനെത്തുന്ന മുഖ്യമന്ത്രിയടക്കം മന്ത്രിമാർ ഇതു കാണുമോ..? പരിഹാരമാവുമോ..? പാലക്കാട്ടുകാരുടെ ചോദ്യം നിരവധിയാണ്.
കേരളത്തിലെ മറ്റിടങ്ങളിൽ നിന്നുള്ളവർ എത്താറുള്ള ജില്ലയിലെ പ്രധാന ഇടമാണ് മലന്പുഴ. ഇവിടത്തെ പ്രശ്നങ്ങൾ ആരു പരിഹരിക്കുമെന്നറിയാതെ ഉഴലുകയാണ് നാട്ടുകാർ.
ലക്ഷങ്ങൾ മുടക്കി ജലസേചന വകുപ്പ് നിർമിച്ച മലമ്പുഴ ബസ് സ്റ്റാൻഡ് ഇതിൽ ചെറിയൊരു ഉദാഹരണം മാത്രം. ചുറ്റം കുറ്റിച്ചെടികൾ വളർന്നു കാടുപിടിച്ച ദയനീയ കാഴ്ചയാണ് ഇവിടെയെത്തുന്നവർക്ക് ലഭ്യമാകുക.
ഇഴജന്തുക്കൾ, തെരുവുനായ്ക്കൾ, മദ്യപാനികൾ, സാമൂഹ്യ വിരുദ്ധർ എന്നിവരുടെ വിഹാരകേന്ദ്രമായിണിവിടം.ബസുകളും യാത്രക്കാരും നിറഞ്ഞു നിൽക്കേണ്ട സ്ഥലത്തിനാണ് ഈ ദുര്യോഗം.
മലമ്പുഴ ഉദ്യാന കവാടത്തിൽ ആളെ ഇറക്കിയാൽ കാലിയായി ഒന്നര കിലോമീറ്റർ ദൂരം ബസ് സഞ്ചരിച്ചു വേണം സ്റ്റാന്റിലെത്താൻ. അതു പോലെ തിരിച്ചും കാലിയായി ഉദ്യാന കവാടത്തിലെത്തണം.
ബസ് സ്റ്റാന്റിൽ കംഫർട്ട് സ്റ്റേഷൻ ഇല്ലാത്തതും ബസ് ജീവനക്കാർക്കും യാത്രക്കാർക്കും ശങ്ക തീർക്കാൻ കഴിയാത്ത അവസ്ഥയും ജനങ്ങൾ ബസ് സ്റ്റാന്റിനെ അവഗണിക്കാനുള്ള കാരണങ്ങളിൽ ചിലതാണ്.
ഇന്ധനനഷ്ടവും സമയനഷ്ടവും ചൂണ്ടിക്കാട്ടി ബസുടമകളും പിൻമാറുന്നു. ഇതിനൊരു പരിഹാരം കാണില്ലേയെന്നാണ് മലമ്പുഴക്കാരും വിനോദ സഞ്ചാരികളും ചോദിക്കുന്നത്.