ക്രിസ്മസിനെ വരവേൽക്കാൻ എൽഇഡി വിസ്മയങ്ങളുമായി നക്ഷത്രവിളക്കുകൾ നിറഞ്ഞു
1375182
Saturday, December 2, 2023 2:07 AM IST
വടക്കഞ്ചേരി: ക്രിസ്മസിന്റെ വരവറിയിച്ച് കടകളിൽ താരകക്കൂട്ടങ്ങൾ നിറഞ്ഞു. കണ്ണഞ്ചിപ്പിക്കുന്ന വർണ വൈവിധ്യങ്ങളുമായാണ് ഇക്കുറിയും നക്ഷത്ര വിളക്കുകൾ വിപണി കൈയടക്കുന്നത്. പ്രത്യേക മോഡലുകളിലുള്ള എൽഇഡി സ്റ്റാറുകളാണ് ഇത്തവണത്തെ പുതുമ. ലൈറ്റുകളുടെ മായാപ്രപഞ്ചം തന്നെയാണ് ഇതിലുള്ളത്. 170 രൂപ മുതൽ ഉയർന്നു പോകും ഇത്തരം നക്ഷത്രങ്ങളുടെ വില. സ്റ്റാർ ബോളുകളുടെ വൻശേഖരവും കടകളിലുണ്ട്.
മഴ മാസങ്ങൾ പിന്നിട്ട് ഡിസംബറെത്തുമ്പോൾ ക്രിസ്മസും-ന്യൂഇയറുമായി ഇനി വിപണികളുണരും. അഴകു വിടർത്തുന്ന താരകകൂട്ടങ്ങൾ തന്നെയാണ് ഡിസംബറിനെ അത്യാകർഷകമാക്കുന്നത്. രാത്രികാലങ്ങളിൽ ദീപങ്ങളാൽ നക്ഷത്രങ്ങൾ മിന്നിതിളങ്ങുന്നത് ക്രിസ്മസ് ആഘോഷങ്ങളുടെ വരവറിയിക്കലാകും. കാലം മാറി നക്ഷത്ര വിളക്കുകളിൽ വൈവിധ്യങ്ങളുടെ പരീക്ഷണങ്ങൾ അരങ്ങേറുമ്പോഴും പഴയ പേപ്പർ സ്റ്റാറുകൾക്കു തന്നെയാണ് ഇന്നും ആവശ്യക്കാർ കൂടുതലെന്ന് കച്ചവടക്കാർ പറയുന്നു. നക്ഷത്ര വിളക്കുകളുടെ ജന്മനാടായ കുന്നംകുളത്തു നിന്നാണ് സൂപ്പർസ്റ്റാറുകളെത്തുന്നത്.
കുന്നംകുളം സ്റ്റാറുകൾ പല പേരുകളിൽ മറ്റു സ്ഥലങ്ങളിൽ നിന്നും വിപണിയിലെത്തുന്നു എന്നു മാത്രം. കുടിൽ വ്യവസായം പോലെയാണ് കുന്നംകുളത്ത് നക്ഷത്ര നിർമാണം. നക്ഷത്രങ്ങൾക്ക് വലിയ വില വർധനവ് ഇല്ലെന്നാണ് വ്യാപാരികൾ പറയുന്നത്. കൊതിയൂറുന്ന വിവിധ ഇനം കേക്കുകളും ബേക്കറികളിൽ നിറഞ്ഞു തുടങ്ങി. ഗുണം, സ്വാദ് എന്നിവ നോക്കി ഏതു വിലയ്ക്കും കേക്ക് ലഭ്യമാണ്. നാട്ടിലെവിടേയും കേക്ക് മേളകളും ഒരുങ്ങുകയായി. സംഘടനകളും കൂട്ടായ്മകളുമൊക്കെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി കേക്ക് മേള സംഘടിപ്പിച്ച് ധനസമാഹരണ പ്രവർത്തനങ്ങൾ നടത്താനുള്ള തയാറെടുപ്പുകളിലാണ്.
ഏറെ മുമ്പുതന്നെ പാക്കറ്റ് കേക്കുകൾ കടകളിൽ നിറഞ്ഞിട്ടുണ്ട്. വീടുകളിലും പള്ളികളിലും സ്ഥാപനങ്ങളിലുമെല്ലാം പുൽക്കൂട് നിർമാണത്തിന്റെ ആലോചനകളും സജീവമായി.