വന്യജീവി വാരാഘോഷ പ്രതിജ്ഞ പിൻവലിക്കണം: കത്തോലിക്കാ കോണ്ഗ്രസ് നേതൃയോഗം
1339846
Monday, October 2, 2023 12:43 AM IST
പാലക്കാട്: സംസ്ഥാനത്ത് ഇന്നു മുതൽ നടക്കുന്ന വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് സ്കൂൾ വിദ്യാർഥികൾക്കും ഉദ്യോഗസ്ഥർക്കും ചൊല്ലുവാൻ സർക്കാർ നല്കിയിരിക്കുന്ന പ്രതിജ്ഞ പിൻവലിക്കണമെന്നു കത്തോലിക്കാ കോണ്ഗ്രസ് പാലക്കാട് രൂപത നേതൃയോഗം ആവശ്യപ്പെട്ടു.
വന്യജീവി നിലനിൽപ്പാണ്, അഭിമാനമാണ് എന്ന പ്രതിജ്ഞാവാചകം ജനദ്രോഹവും വന്യജീവി ആക്രമണത്തിൽ ദുരിതമനുഭവിക്കുന്നവരോടും കൊല്ലപ്പെട്ടവരോടുമുള്ള വെല്ലുവിളിയാണെന്നുമാണ് ആരോപണം.
മനുഷ്യരെ കൊല്ലുകയും ഉപദ്രവിക്കുകയും ചെയ്യുന്ന വന്യമൃഗങ്ങളെ ഉന്മൂലനം ചെയ്യുന്നതിന് വിവിധ സംസ്ഥാനങ്ങളിൽ നിയമമുണ്ടെന്നിരിക്കെ കേരള സർക്കാർ സ്കൂൾ വിദ്യാർഥികളിലും യുവാക്കളിലും ജനദ്രോഹകരമായ ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് പ്രതിഷേധാർഹമാണെന്നും പ്രതിജ്ഞ പിൻവലിക്കണമെന്നും കത്തോലിക്ക കോണ്ഗ്രസ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
യോഗം രൂപത ഡയറക്ടർ ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് തോമസ് ആന്റണി അധ്യക്ഷനായി. ജനറൽ സെക്രട്ടറി ജീജോ അറയ്ക്കൽ, ഗ്ലോബൽ സെക്രട്ടറി ചാർളി മാത്യു, രൂപത ട്രഷറർ കെ.എഫ്. ആന്റണി, വൈസ് പ്രസിഡന്റുമാരായ ജോസ് മുക്കട, സുജ തോമസ്, രൂപത സെക്രട്ടറി അഡ്വ. ബോബി ബാസ്റ്റിൻ, ജോസ് വടക്കേക്കര, സേവ്യർ കലങ്ങോട്ടിൽ, ജെയിംസ് പാറയിൽ, ജോസ് എബ്രഹാം, സുനിൽ ജോസഫ്, അലക്സാണ്ടർ പുന്നക്കോട്ടിൽ പ്രസംഗിച്ചു.
മനുഷ്യജീവന്റെ നിലനിൽപ്പിന് ഭീഷണിയായ വന്യജീവികളെ വനത്തിനകത്ത് നിർത്തേണ്ട ഉത്തരവാദിത്തം വനംവകുപ്പിനാണ്. അതിനുള്ള ശ്രമങ്ങൾ നടത്താത്തത് മൂലം മലയോരമേഖലയിലെ ജനങ്ങൾക്ക് ജീവഹാനിയും കൃഷിനാശവും സംഭവിക്കുന്നു.
നാട്ടിൽ ഇറങ്ങുന്ന വന്യജീവികൾ മൂലമുണ്ടാകുന്ന ജീവനാശവും കൃഷിനാശവും കടുത്ത മനുഷ്യാവകാശ ലംഘനമായി കണ്ട് ഉത്തരവാദികളായ വനംവകുപ്പിനെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.