ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ റോഡിൽ ദുരിതമായി ഗതാഗതക്കുരുക്ക്
1339842
Monday, October 2, 2023 12:43 AM IST
ഒറ്റപ്പാലം: അനധികൃത വാഹന പാർക്കിംഗ് മൂലം റെയിൽവേ സ്റ്റേഷൻ റോഡിൽ ഗതാഗതക്കുരുക്ക് പതിവാകുന്നു.
പാലക്കാട്- കുളപ്പുള്ളി പ്രധാനപാതയിൽ നിന്നും റെയിൽവേ സ്റ്റേഷൻ റോഡിലേയ്ക്ക് പ്രവേശിക്കുമ്പോൾ തന്നെ വാഹനങ്ങളെ വരവേൽക്കുന്നത് ഗതാഗതക്കുരുക്കാണ്.
റോഡിന്റെ രണ്ടുവശത്തും നിർത്തിയിടുന്ന ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളുമാണ് ഗതാഗതക്കുരുക്ക് വർധിപ്പിക്കുന്നത്.
സമീപത്തുള്ള കച്ചവട സ്ഥാപനങ്ങളിലേക്ക് വന്നു പോകുന്നവരാണ് ഇത്തരത്തിൽ വാഹനങ്ങൾ നിർത്തിയിടുന്നത്.
ഇതോടൊപ്പം കാറുകളും മറ്റു വാഹനങ്ങളും ഗതാഗതക്കുരുക്ക് വർധിപ്പിച്ചുകൊണ്ട് റോഡുകളിൽ തന്നെ പാർക്ക് ചെയ്യുന്നുണ്ട്. ഒറ്റപ്പാലം താലൂക്ക് ഓഫീസിന്റെ പ്രവേശന കവാടത്തോടു ചേർന്ന് ഓട്ടോ സ്റ്റാൻഡും പ്രവർത്തിക്കുന്നുണ്ട്. റോഡിന്റെ ഈ ഭാഗത്തും ഗതാഗതക്കുരുക്ക് പതിവാണ്.
ഈ റോഡിനോട് ചേർന്ന് തന്നെ ഒരു എൽപി സ്കൂളും പ്രവർത്തിക്കുന്നുണ്ട്. ഒറ്റപ്പാലത്തെ വിവിധ കോടതികൾ, പോലീസ് സ്റ്റേഷൻ, സബ് കളക്ടർ ഓഫീസ് തുടങ്ങി ബഹുഭൂരിപക്ഷം സർക്കാർ ഓഫീസുകളിലേക്കുമുള്ള പാതയാണിത്.
ഈ സർക്കാർ ഓഫീസുകളിലേക്കെല്ലാം എത്തിച്ചേരണമെങ്കിൽ ഇപ്പോഴത്തെ അവസ്ഥയിൽ ശരിക്കും വലയും.