പട്ടികജാതി ഗോത്ര വിഭാഗക്കാരുടെ അവകാശ സംരക്ഷണത്തിന് നടപടി
1339546
Sunday, October 1, 2023 1:33 AM IST
പാലക്കാട്: പട്ടികജാതി പട്ടികഗോത്ര വർഗ വിഭാഗക്കാരുടെ അവകാശ സംരക്ഷണത്തിന് നിയമപരമായി നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പട്ടികജാതി പട്ടികഗോത്ര വർഗ കമ്മീഷൻ ചെയർമാൻ ബി.എസ്. മാവോജി പറഞ്ഞു.
സംസ്ഥാന പട്ടികജാതി പട്ടികഗോത്ര വർഗ കമ്മീഷൻ ജില്ലയിൽ നിലവിലുള്ള പരാതികൾ തീർപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച പരാതി പരിഹാര അദാലത്തിൽ സംസാരിക്കുകയായിരുന്നു ചെയർമാൻ. അവകാശങ്ങൾ സംരക്ഷിക്കാനുള്ള നിയമ സംവിധാനം നിലവിലുണ്ടെന്നും ചെയർമാൻ കൂട്ടിച്ചേർത്തു.
ഭൂമി കൈയേറ്റം, അതിർത്തി തർക്കം, പെട്രോൾ ഒൗട്ട് ലെറ്റ് ഉടമയിൽനിന്നും മറ്റൊരാൾ സാന്പത്തിക സഹായം നൽകിയതിന്റെ പേരിൽ ഭീഷണിപ്പെടുത്തി വീടും സ്ഥലവും ഒൗട്ട് ലെറ്റും തട്ടിയെടുത്തതായുള്ള പരാതി തുടങ്ങിയ വിഷയങ്ങളാണ് സിറ്റിംഗിൽ എത്തിയത്.
രണ്ട് ദിവസങ്ങളിലായി വിവിധ വിഷയങ്ങളിലുള്ള 167 കേസുകൾ കമ്മീഷൻപരിഗണിച്ചു. അതിൽ 105 എണ്ണത്തിന് പരിഹാരമായി. ബാക്കിയുള്ള കേസുകളിൽ കൂടുതൽ റിപ്പോർട്ട് തേടി. രണ്ടാം ദിനം 82 കേസുകൾ പരിഗണിച്ചതിൽ 57 എണ്ണം തീർപ്പാക്കി.
106 പരാതികൾ പുതുതായി ലഭിച്ചു. പട്ടികജാതി പട്ടികഗോത്രവർഗക്കാരുടെ വിവിധ വിഷയങ്ങളിൽ കമ്മീഷനിൽ നൽകിയിട്ടുള്ളതും വിചാരണയിലിരിക്കുന്നതുമായ കേസുകളിൽ പരാതിക്കാരെയും എതിർകക്ഷികളെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരിൽ കേട്ട് പരാതികൾ തീർപ്പാക്കി.
വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ അദാലത്തിൽ പങ്കെടുത്തു. കമ്മീഷൻ ചെയർമാൻ ബി.എസ് മാവോജി, മെന്പർമാരായ എസ്.അജയകുമാർ, അഡ്വ. സൗമ്യ സോമൻ നേതൃത്വം നൽകി.