സംസ്ഥാന മന്ത്രിസഭ കൊള്ളസംഘമായി മാറി: മാത്യു കുഴൽനാടൻ എംഎൽഎ
1338623
Wednesday, September 27, 2023 1:40 AM IST
ചിറ്റൂർ: കേരളത്തിലെ മന്ത്രിസഭ കൊള്ളസംഘമായി മാറിയതായി മാത്യു കുഴൽ നാടൻ എം
എൽഎ പറഞ്ഞു.
മൂലത്തറ ഡാം അഴിമതിയിലെ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ചിറ്റൂർ നിയമസഭാ പ്രതിനിധിയുടെ ഓഫീസിലേയ്ക്ക് കോൺഗ്രസ് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി തന്നെ അഴിമതിയ്ക്ക് നേതൃത്വം നല്കുമ്പോൾ മറ്റു മന്ത്രിമാരും അഴിമതി സ്ഥാപനവത്കരിക്കുകയാണ്. മന്ത്രിമാരുടെ അഴിമതിയെ ചോദ്യം ചെയ്യാനുള്ള ധാർമ്മികത നഷ്ടപ്പെട്ട മുഖ്യമന്ത്രി കേരളത്തിന് അപമാനമാണ്.
കേരളത്തിലെ എല്ലാം വളഞ്ഞ വഴിയിലുള്ള വ്യാപാര വ്യവസായങ്ങളിലും എൽഡിഎഫ് നേതാക്കളുടെ പങ്കാളിത്തമുണ്ട്. മൂലത്തറ ഡാം നിർമാണത്തിൽ ഭരണ- സാങ്കേതിക അനുമതികൾ ഇല്ലാതെ പ്രവൃത്തി നടത്തിയതും കരാറിലുറപ്പിച്ച തുകയ്ക്ക് പുറമെ കോടികൾ കരാറുകാരന് നല്കിയതും ഈ അഴിമതിക്കാരുടെ അത്യാർത്തി മൂലമാണ്.
ഇതിനു നേതൃത്വം നല്കിയ കെ. കൃഷ്ണൻകുട്ടിയെയും സംഘത്തെയും രാഷ്ട്രീയ പരമായും നിയമപരമായും നേരിടും. മൂലത്തറ അഴിമതി പൊതുമധ്യത്തിലും നിയമസഭയിലും ഉന്നയിക്കുമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. സമരസമിതി ചെയർമാൻ സുമേഷ് അച്യുതൻ അധ്യക്ഷനായി.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ, സജേഷ് ചന്ദ്രൻ, കെ.ഗോപാലസ്വാമി, ആർ. പങ്കജാക്ഷൻ, കെ.രാജമാണിക്യം, ആർ.സദാനന്ദൻ, കർഷക കോൺഗ്രസ് ചിറ്റൂർ നിയോജകമണ്ഡലം പ്രസിഡന്റ് കെ.മോഹനൻ, മുരളി തറക്കളം എന്നിവർ പ്രസംഗിച്ചു.