പുഴകളും തോടും മലിനമാക്കി അട്ടപ്പാടിയിലേക്ക് സഞ്ചാരികളുടെ കടന്നുകയറ്റം
1338613
Wednesday, September 27, 2023 1:33 AM IST
അഗളി: പുഴകളും റോഡും തോടും മലിനമാക്കിക്കൊണ്ട് അട്ടപ്പാടിയിലേക്ക് സഞ്ചാരികളുടെ കടന്നുകയറ്റം. ദിനംപ്രതി നൂറു കണക്കിന് വാഹനങ്ങളാണ് അട്ടപ്പാടിയിലേക്ക് എത്തുന്നത്.
സൈലന്റ് വാലി മുത്തികുളം വനമേഖലകളിൽ നിന്നും ഉത്ഭവിക്കുന്ന ഭവാനി ശിരുവാണി പുഴകളിലെ ഇളം നീലിമയാർന്ന നിലയ്ക്കാത്ത നീരൊഴുക്കും അട്ടപ്പാടിയുടെ ദൃശ്യഭംഗിയും കുളിരും ആസ്വദിക്കുന്നതിനാണ് സഞ്ചാരികളെത്തുന്നത്.
ഇരുചക്ര വാഹനങ്ങൾ മുതൽ ടൂറിസ്റ്റ് ബസുകളിൽ വരെ കാഴ്ചക്കാരെത്തുന്നു. തമിഴ്നാട്ടിൽ നിന്നാണ് അധികം പേരും എത്തുന്നത്. ഭക്ഷണ അവശിഷ്ടങ്ങളും പ്ലാസ്റ്റിക് പാത്രങ്ങളും മറ്റു മലിന വസ്തുക്കളും പുഴയിലെറിഞ്ഞും നിരത്തുകളിൽ വിതറിയും അട്ടപ്പാടിയെ മലിനപ്പെടുത്തുന്നു.
മദ്യക്കുപ്പികളും പുഴയിലേക്ക് നിക്ഷേപിക്കുന്നു. കുളിക്കടവുകളിൽ കുപ്പിച്ചില്ല് അപകട ഭീഷണിയാണ്. ഭവാനി, ശിരുവാണി, കൊടുങ്ങരപ്പള്ളം പുഴകളിലെ വെള്ളമാണ് പതിനായിരക്കണക്കിന് കുടുംബങ്ങൾ കുടിക്കുന്നത്. കോട്ടത്തറ ചാവടിയൂർ പ്രദേശങ്ങളിൽ പുഴവെള്ളം നേരിട്ട് പന്പുചെയ്താണ് കുടിവെള്ള വിതരണം.
കോട്ടത്തറ മുതൽ ആനക്കട്ടി വരെയുള്ള നിവാസികൾ ശിരുവാണി കൊടുങ്ങരപ്പള്ളം പുഴകളെ ആശ്രയിച്ചാണ് കഴിയുന്നത്. ദിനംപ്രതി നൂറുകണക്കിന് സഞ്ചാരികളെത്തി പുഴയും കരയും ഇത്തരത്തിൽ മലിനപ്പെടുത്തിയിട്ടും പഞ്ചായത്ത് അധികാരികൾ തിരിഞ്ഞുനോക്കുന്നില്ല.
മലിനീകരണം ചൂണ്ടിക്കാട്ടുന്ന പ്രദേശവാസികളെ സംഘം ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്. അട്ടപ്പാടിയിൽ റോഡപകടങ്ങൾ ഉണ്ടാകാത്ത ഞായറാഴ്ചകളില്ല. അമിതവേഗതയിൽ സംഘങ്ങളായെത്തുന്നവരാണ് അപകടകാരികൾ. പുഴയിൽ മുങ്ങി മരണങ്ങളും സാധാരണമാണ്.
നീരൊഴുക്കിന്റ ശക്തിയും വെള്ളത്തിന്റ ആഴവും അറിയാതെ പുഴയിലേക്ക് ചാടുന്ന നീന്തലറിയാത്തവരാണ് അപകടത്തിൽപെടുന്നത്. പ്രകൃതിക്ഷോഭവും കൃഷിനാശവും വന്യമൃഗശല്യവും കൊണ്ട് പൊറുതി മുട്ടുന്ന അട്ടപ്പാടിയുടെ വികസനത്തിന് ടൂറിസം നല്ലൊരു വഴികാട്ടിയാണ്.
സഞ്ചാരികൾക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കികൊടുക്കുകയും മലിനീകരണ നിയന്ത്രണം ഏർപ്പെടുത്തുകയും വേണമെന്നാണ് ആവശ്യം. ഇതിലൂടെ നിരവധി പേർക്ക് തൊഴിൽ സാധ്യതകളും അട്ടപ്പാടിയുടെ സമഗ്ര വികസനവും ചൂണ്ടിക്കാണിക്കപ്പെടുന്നു.