കാട്ടുമൃഗങ്ങളെ പ്രതിരോധിക്കാൻ കെട്ടിയ കന്പിയിൽ നിന്നു ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു
1337892
Saturday, September 23, 2023 11:58 PM IST
പാലക്കാട്: പാട്ടത്തിനെടുത്ത സ്ഥലത്ത് അടക്ക പെറുക്കുന്നതിനിടെ സമീപതോട്ടത്തിലെ വൈദ്യുതി കന്പിയിൽ തട്ടി ഷോക്കേറ്റ മധ്യവയസ്ക്കൻ മരിച്ചു. കാരാകുർശി പുല്ലിശേരി തോണിപ്പുറം സ്രാന്പിക്കൽ വീട്ടിൽ ഹംസപ്പ (54) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒന്പത് മണിയോടെ വലിയട്ടയിൽ വെച്ചായിരുന്നു സംഭവം.
കാട്ടുമൃഗങ്ങളെ പ്രതിരോധിക്കാനായാണ് തോട്ടത്തിൽ വൈദ്യുതി വേലി സ്ഥാപിച്ചിരുന്നതെന്ന് അറിയുന്നു. ഷോക്കേറ്റ ഹംസപ്പയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി. സംഭവത്തിൽ കല്ലടിക്കോട് പോലീസ് കേസെടുത്തു.
തോട്ടം നോക്കിനടത്തിപ്പുകാരനായ കൃഷ്ണപ്രകാശ് എന്നയാളെ അറസ്റ്റു ചെയ്തതായി കല്ലടിക്കോട് എസ്എച്ച്ഒ പി.ശിവശങ്കരൻ അറിയിച്ചു. ഭാര്യ: ആയിഷ. മക്കൾ: അബ്ദുള്ളക്കുട്ടി, നൗഫൽ, കമറുന്നീസ, ഖൈറുന്നീസ, സറഫുന്നീസ.