ഗോപാലപുരം കിടക്ക നിർമാണ കമ്പനിയിൽ വൻ അഗ്നിബാധ., കോടികളുടെ നഷ്ടം
1337376
Friday, September 22, 2023 1:40 AM IST
കൊഴിഞ്ഞാമ്പാറ: സംസ്ഥാന അതിർത്തി ഗോപാലപുരത്ത് സ്വകാര്യ ബെഡ് നിർമാണ കമ്പനിയിൽ വൻ അഗ്നിബാധ. കോഴിപ്പതി പ്യാരിലാൽ റബറൈസ്ഡ് കൊയർ ഫോം കമ്പനിയിൽ ഇന്നലെ പുലർച്ചെ ഒന്നരയ്ക്കാണ് തീപടർന്നത്. തീപിടുത്തമുണ്ടായ യൂണിറ്റിൽ പ്രവർത്തിച്ചിരുന്ന തൊഴിലാളികൾ മുൻകരുതൽ തീ കെടുത്തൽ യന്ത്രം ഉപയോഗിച്ച് തീ അണയ്ക്കാനുള്ള ശ്രമം പരാജയപ്പെട്ടു.
നിമിഷനേരത്തിൽ തീ പ്ലാന്റിൽ വ്യാപിച്ച് മുഴുവൻ യന്ത്രങ്ങളും നിർമാണം പൂർത്തിയാക്കിയ ബെഡുകളും കത്തിനശിച്ചു. ചിറ്റൂരിൽ നിന്ന് രണ്ടും കഞ്ചിക്കോട്ടിൽ നിന്നു രണ്ടും, പാലക്കാട് നിന്നും ഫയർ യൂണിറ്റുകൾ എത്തി ആറു മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തകാരണമെന്ന് കമ്പനി അധികൃതർ അറിയിച്ചു. കമ്പനിയിൽ മൂന്ന് ഷിഫ്റ്റുകളിലായി 70 തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. തീ പടർന്നുപിടിച്ചതോടെ കമ്പനിക്കകത്തുണ്ടായിരുന്ന തൊഴിലാളികളും ഇതര ജീവനക്കാരും പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു.
വിവരം അറിഞ്ഞ ഉടൻ കൊഴിഞ്ഞാമ്പാറ പോലീസും സംഭവ സ്ഥലത്തു പാഞ്ഞെത്തി രക്ഷാപ്രവർത്തനത്തിലേർപ്പെട്ടു. ചിറ്റൂർ, കഞ്ചിക്കോട്, പാലക്കാട് ഫയർസ്റ്റേഷനുകളിൽ നിന്നും മുപ്പതോളം പേർ രക്ഷാപ്രവർത്തനത്തിനെത്തിരുന്നു.