ജിജോൺ യാത്രയായത് അഞ്ചുപേർക്ക് പുതുജീവനേകി
1337326
Friday, September 22, 2023 12:36 AM IST
കോയന്പത്തൂർ: മസ്തിഷ്ക മരണം സ്ഥിരീകരിച്ച ജിജോൺ അനന്തതയിലേക്ക് യാത്രയായത് അഞ്ചുപേർക്ക് പുതുജീവൻ നൽകി.
ഇക്കഴിഞ്ഞ 19ന് രാവിലെ ബൈക്കിൽ പള്ളിയിലേക്ക് പോകുകയായിരുന്ന ജിജോണിനെ വടകോവൈയ്ക്കു സമീപം കാറിടിക്കുകയായിരുന്നു. തലയ്ക്കു പരിക്കേറ്റതിനെ തുടർന്ന് കെഎംസിഎച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചതോടെ ജീജോണിന്റെ അവയവങ്ങൾ ദാനംചെയ്യാൻ കുടുംബാംഗങ്ങൾ സന്നദ്ധത അറിയിക്കുകയായിരുന്നു. ഹൃദയം ജികെഎൻഎം ആശുപത്രിയ്ക്കും കണ്ണുകൾ അരവിന്ദ് ആശുപത്രിക്കും കിഡ്നി, കരൾ എന്നിവ പൾമണറി കെഎംസിഎച്ച് ആശുപത്രിയ്ക്കും സംഭാവന ചെയ്തു. അവയവങ്ങൾ രജിസ്റ്റർ ചെയ്ത് കാത്തിരുന്നവർക്ക് നൽകുമെന്നു ഡോക്ടർമാർ പറഞ്ഞു.
കോയന്പത്തൂർ കാമരാജപുരത്ത് താമസിക്കുന്ന തൃശൂർ പാവറട്ടി സ്വദേശിയായ വടക്കൂട്ട് വീട്ടിൽ വി.പി. ജോണിന്റെ മകനാണ് മരിച്ച ജിജോൺ (41). അമ്മ: എൽസി ജോൺ. ഭാര്യ: ഡിന്നി. ജോസഫ്, റോസ് മോൾ എന്നിവർ മക്കളാണ്. ആർഎഎഫ്, സിആർപിഎഫ് ന് അസംസ്കൃത വസ്തുക്കളുടെ വിതരണ ജോലി ചെയ്യുകയായിരുന്നു ജിജോൺ.