നിരോധിത പ്ലാസ്റ്റിക്കുകൾ വ്യാപകമായി ഉപയോഗിക്കുന്നതായി കണ്ടെത്തൽ
1337087
Thursday, September 21, 2023 12:52 AM IST
ഷൊർണൂർ: പരിശോധനകളില്ല, വിപണികളിൽ നിരോധിത പ്ലാസ്റ്റിക്കുകളുടെ കുത്തൊഴുക്ക്. നിയമപ്രകാരം നാടുകടത്തിയ കനം കുറഞ്ഞ പ്ലാസ്റ്റിക്കുകളാണ് വിപണികളിപ്പോൾ അടക്കിവാഴുന്നത്. ഒറ്റത്തവണ ഉപയോഗിക്കാവുന്ന നിരോധിച്ച പ്ലാസ്റ്റിക് കവറുകൾ ഉൾപ്പെടെയുള്ളവയാണ് വഴിയോരങ്ങളിലെ കടകളിലും മറ്റും പതിന്മടങ്ങ് ശക്തിയോടെ ഇപ്പോൾ സ്ഥാനം പിടിച്ചിരിക്കുന്നത്.
പരിശോധനകൾ തീർത്തും ഇല്ലാതായതോടെയാണ് നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ വീണ്ടും വിപണികളിൽ സജീവമാകാൻ കാരണമായത്. കഴിഞ്ഞ ജനുവരി ഒന്നിനാണ് കാരിബാഗ് അടക്കം ഒറ്റത്തവണ ഉപയോഗിക്കുന്ന മുഴുവൻ പ്ലാസ്റ്റിക്കുകളും നിരോധിച്ചത്. എന്നാൽ പിന്നീട് കനം കുറഞ്ഞ പ്ലാസ്റ്റിക്കുകൾക്ക് മാത്രമായി നിരോധനം പുതുക്കി ഉത്തരവിറക്കി.എന്നാൽ ഫലത്തിൽ ഈ ഉത്തരവ് കനം കുറഞ്ഞ പ്ലാസ്റ്റിക്കുകൾ ഉപയോഗിക്കുന്നതിന്നുള്ള സാഹചര്യത്തിലേക്കു കൂടി വഴിതുറന്നു. മുമ്പ് പ്ലാസ്റ്റിക് കവറുകൾക്ക് പകരം തുണി സഞ്ചി, പേപ്പർ ബാഗുകൾ എന്നിവ ഉപയോഗിക്കണമെന്നായിരുന്നു ചട്ടം.
ഇപ്പോഴത്തെ സാഹചര്യത്തിൽ വഴിയോരങ്ങളിലുള്ള ചില്ലറ വിൽപന നടത്തുന്ന പഴം-പച്ചക്കറി കടകളിലടക്കം കനം കുറഞ്ഞ കാരി ബാഗുകൾ വ്യാപകമാണ്. വഴിയോരങ്ങളിൽ ഏറെ ശ്രദ്ധിക്കേണ്ട മുഖാവരണം വിൽക്കുന്നവർക്കിടയിൽ പോലും കുറഞ്ഞ നിലവാരമുള്ള പ്ലാസ്റ്റിക് കവറുകൾ ഉണ്ട്. മത്സ്യ-മാംസ കടകളിലും പലനിറങ്ങളിലുള്ള കനം കുറഞ്ഞ പ്ലാസ്റ്റിക് കവറുകൾ കൊടുക്കുന്നുണ്ട്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ പോലും പരിശോധനകൾ നടത്താത്തതാണ് ഇതിനെല്ലാം കാരണം.
ഒറ്റപ്പാലം നഗരത്തിൽ മുമ്പ് സബ് കളക്ടർ തന്നെ നേരിട്ട് ഇറങ്ങിയാണ് വിവിധ കച്ചവട സ്ഥാപനങ്ങളിൽ നിന്ന് നിരോധിത പ്ലാസ്റ്റിക് ബാഗുകൾ പിടികൂടിയിരുന്നത്.
നിരോധിച്ച പ്ലാസ്റ്റിക് ബാഗുകളും മറ്റും വീണ്ടും തിരിച്ചെത്തിയത് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. കോവിഡ് കാലത്ത് പോലും വൈറസ് വ്യാപന സാധ്യതയുള്ളതിന്നാൽ ചായക്കടകളിൽ ഉപയോഗിക്കുന്ന ഡിസ്പോസിബിൾ ഗ്ലാസുകൾ, ഹോട്ടലുകളിൽ ഉപയോഗിക്കുന്ന പ്ലേറ്റുകൾ എന്നിവയിലെല്ലാം പ്ലാസ്റ്റിക് ആവരണം ഉള്ളവയാണ് ഉപയോഗിച്ചിരുന്നത്.
ഇവയുടെയെല്ലാം ഉപയോഗം പതിന്മടങ്ങ് വർധിക്കുകയും, നിരത്തുകളിൽ ഇവ കുമിഞ്ഞു കൂടുകയും ചെയ്യുന്ന സാഹചര്യം രൂപപ്പെട്ടിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്നാണ് നിരോധിച്ച പ്ലാസ്റ്റിക് കവറുകൾ വ്യാപകമായി എത്തിക്കൊണ്ടിരിക്കുന്നത്. അടിയന്തരമായി വീണ്ടും പരിശോധനകൾ തുടങ്ങുകയും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടുകയും ചെയ്യണമെന്നാണ് ഉയർന്നുവന്നിട്ടുള്ള ജനകീയ ആവശ്യം.