മമ്പാട് പുഴപാലം പണികൾ പുരോഗമിക്കുന്നു
1337086
Thursday, September 21, 2023 12:52 AM IST
വടക്കഞ്ചേരി: കിഴക്കഞ്ചേരി കുണ്ടുകാട് - ഇളവംപാടം- ചിറ്റടി റോഡിൽ മമ്പാട് പുഴപാലം ( പുന്നപ്പാടം കോസ്വേ) പുതുക്കി പണിയുന്ന പ്രവൃത്തികൾ പുരോഗമിക്കുന്നു. അടുത്ത വർഷം ആദ്യത്തോടെ പുതിയപാലം ഗതാഗതത്തിന് തുറന്നുകൊടുക്കാവുന്ന വിധമാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. കാലവർഷം ശക്തിപ്പെടാത്തതിനാൽ പ്രവൃത്തികൾക്കും ഇപ്പോൾ വേഗതയുണ്ട്.
പുഴയിൽ ജലനിരപ്പ് നന്നേ കുറവാണ്. മംഗലംഡാം തുറന്നാൽ വെള്ളം ഈ പുഴയിലൂടെയാണ് ഒഴുകുക.എന്നാൽ ഇക്കുറി ഡാമിന്റെ ഷട്ടർ തുറക്കൽ വൈകുന്നതിനാൽ പുഴയിൽ വെള്ളം പൊങ്ങി പണികൾ നിർത്തിവെക്കേണ്ട സാഹചര്യമില്ല.
വീതി കുറഞ്ഞതും ഉയരകുറവുമുള്ള പാലം പൂർണമായും പൊളിച്ചു നീക്കി ഉയരം കൂട്ടി 11 മീറ്റർ വീതിയിലാണ് പുതിയപാലം നിർമിക്കുന്നത്. പഴയ പാലത്തിനേക്കാൾ നാല് മീറ്റർ ഉയർത്തിയാണ് പുതിയ പാലം പണിയുന്നത്. പാലത്തിന്റെ സ്ലാബ് നിർമാണ പ്രവൃത്തികൾ ദ്രുതഗതിയിൽ നടക്കുകയാണ്.
കെ.ഡി. പ്രസേനൻ എംഎൽഎ യുടെ ശ്രമഫലമായി കിഫ്ബിയിൽ നിന്നും ആറര കോടി രൂപയാണ് പാലം നിർമാണത്തിനായി അനുവദിച്ചിട്ടുള്ളത്. 2022 മേയ് 10 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസാണ് പാലത്തിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചത്. 18 മാസമാണ് നിർമാണ കാലാവധി. നിർമാണത്തിനിടെ പാലത്തിന്റെ ഒരു പില്ലർ തകർന്നു വീണ സംഭവമുണ്ടായിരുന്നു.
മലപ്പുറത്തെ എബിഎം ഫോർ കൺസ്ട്രക്ഷൻ കമ്പനിയാണ് കരാറെടുത്തിട്ടുള്ളത്. മഴക്കാലങ്ങളിൽ പാലം മുങ്ങി കിഴക്കഞ്ചേരി - രണ്ട് വില്ലേജിലെ പുന്നപ്പാടം, തച്ചക്കോട്, ഇളവംപാടം, കണിയമംഗലം പ്രദേശത്തുള്ളവർ പല ദിവസങ്ങളിലും ഒറ്റപ്പെടുന്നത് പതിവാണ്. മംഗലംഡാം അണക്കെട്ടിൽ നിന്നുള്ള വെള്ളത്തിനൊപ്പം പാലക്കുഴി തിണ്ടില്ലം വെള്ളച്ചാട്ടത്തിൽ നിന്നുള്ള വെള്ളവും ഈ പുഴ വഴിയാണ് ഒഴുകുന്നത്.