വടക്കഞ്ചേരി ടൗണിൽ നിയമങ്ങൾ പാലിച്ച് കച്ചവടം നടത്തുന്നവർക്ക് പുല്ലുവില
1337085
Thursday, September 21, 2023 12:52 AM IST
വടക്കഞ്ചേരി: ഒരു ഡസനോളം ലൈസൻസുകളും വലിയ വാടകയും കൊടുത്ത് കച്ചവടം നടത്തുന്നവർക്ക് പുല്ലുവില. യാതൊരു ലൈസൻസുകളും പരിശോധനകളും മുതൽമുടക്കുമില്ലാതെ റോഡിൽ വാഹനം നിർത്തി കച്ചവടം നടത്തുന്നവർക്ക് സുരക്ഷയും. വടക്കഞ്ചേരി ടൗണിലെ സ്ഥിതിയാണിത്.
നേരത്തെ പഴവർഗങ്ങൾ, പച്ചക്കറി തുടങ്ങിയ കച്ചവടമായിരുന്നത് ഇപ്പോൾ നിലവാരം ഉയർന്ന് തിരക്കേറിയ റോഡുകളിൽ പച്ച മീൻ വില്പനയായി. ഒപ്പം തെരുവു നായ്ക്കളും ടൗണിൽ നിറയുകയാണ്. കടകൾക്കു മുന്നിൽ വാഹനങ്ങൾ നിർത്തിയിട്ട് വില്പന നടക്കുന്നതിനാൽ വലിയ മുതൽമുടക്കിൽ മുറികൾ വാടകക്കെടുത്ത് കട തുടങ്ങിയവരെല്ലാം കച്ചവടമില്ലാതെ ദുരിതത്തിലാണ്. പൊതുവെ വടക്കഞ്ചേരി ടൗണിൽ എവിടെ നോക്കിയാലും ഓട്ടോറിക്ഷകളുടെ വരികളാണ്.
ഇതിനൊപ്പം അനധികൃത കച്ചവടങ്ങളുടെ വാഹനങ്ങൾ കൂടിയായപ്പോൾ ആളുകൾക്ക് കടയിൽ കയറി സാധനങ്ങൾ വാങ്ങാനോ വഴി നടക്കാനോ കഴിയാതായി. പഞ്ചായത്ത് ലൈസൻസ്, ഫുഡ് ആൻഡ് സേഫ്റ്റി, ലീഗൽ മെട്രോളജി, പാക്കിംഗ്, ലേബർ ലൈസൻസുകൾ തുടങ്ങി ഒരു ഡസനോളം ലൈസൻസ് ഉണ്ടെങ്കിലെ ടൗണിൽ കച്ചവടം ചെയ്യാൻ അനുവദിക്കു. എന്നാൽ റോഡിൽ കച്ചവടം ചെയ്യുന്നവർക്ക് ഇത്തരം ലൈസൻസുകളൊന്നും ആവശ്യമില്ല. ആരും പരിശോധിക്കാനുമെത്തില്ല.
ഏതുസമയവും എവിടെ വേണമെങ്കിലും കച്ചവടം നടത്താം. മുമ്പൊക്കെ ഫുട്പാത്തിലായിരുന്നു കച്ചവടം. ഫുട്പാത്ത് കച്ചവടം എന്ന ഓമനപേരും ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഫുട്പാത്തും വിട്ട് ടാർ റോഡുകളുടെ മധ്യത്തിൽ വരെയായി കച്ചവടങ്ങൾ. റോഡിലെ കച്ചവടക്കാരെ ഒഴിവാക്കി പോകേണ്ട ഗതികേടിലാണ് വാഹനങ്ങൾക്കുമുള്ളത്.