മതേതര കാഴ്ചയൊരുക്കി ഒറ്റപ്പാലത്ത് ഒരു ആരാധനാലയം
1337084
Thursday, September 21, 2023 12:52 AM IST
മംഗലം ശങ്കരൻകുട്ടി
ഒറ്റപ്പാലം: ഒറ്റപ്പാലം -മണ്ണാർക്കാട് റോഡിൽ തിരുണ്ടി ഭാഗത്ത് ഒരു പള്ളിയുണ്ട്. പള്ളിയുടെ നിർമാണ ഫലകത്തിൽ കാണികൾക്കിങ്ങനെ വായിച്ചെടുക്കാം, പള്ളി നിർമ്മിക്കാനാവശ്യമായ സ്ഥലം സംഭാവന ചെയ്തത് കുഞ്ചുണ്ണി നായർ. സങ്കുചിത മതചിന്തകളുടെ പുതിയ ലോകത്തിന് മതേതരത്വത്തിന്റെ മാതൃകയാണ് ഈ പള്ളിയും പള്ളിക്ക് സ്ഥലം നൽകിയ കുഞ്ചുണ്ണിനായരും.
മതാന്ധതയുടെ മതിൽ കെട്ടുകൾ തകർത്ത് അമ്പലപ്പാറയിൽ പള്ളി നിർമിക്കാൻ സ്വന്തം സ്ഥലം സൗജന്യമായി വിട്ടുനൽകിയ കുഞ്ചുണ്ണി നായരുടെ സ്മരണ ഇന്നും ഇവിടുത്തുകാർക്ക് ആവേശകരമാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ പള്ളി കുഞ്ചുണ്ണി നായരെ അനുസ്മരിപ്പിക്കുന്ന സ്മാരകമാണ്.
മതചിന്തകൾക്കപ്പുറം മാനവികതയുടെ മതേതര ചരിത്രമെഴുതിയാണ് അമ്പലപ്പാറ തിരുണ്ടിയിൽ കുഞ്ചുണ്ണി നായർ നൽകിയ സ്ഥലത്ത് ഒരു മുസ്ലിം പള്ളി തലയുയർത്തി ഇന്നും നിലനിൽക്കുന്നത്. പരേതനായ ഊർപ്പായിൽ പുത്തൻവീട്ടിൽ കുഞ്ചുണ്ണി നായരുടെ ത്യാഗത്തിന് പള്ളി അധികാരികൾ ഇക്കാര്യം പള്ളിയുടെ മുമ്പിൽ തന്നെ ഫലകത്തിൽ കൊത്തിവക്കുകയും ചെയ്തിട്ടുണ്ട്.
പള്ളിയിൽ ആലേഖനം ചെയ്യപ്പെട്ട ശിലാഫലകം റോഡിലൂടെ പോകുന്നവർക്കും കാണാവുന്ന രീതിയിലാണ് സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. അര നൂറ്റാണ്ടിലേറെയായി തിരുണ്ടി നിവാസികൾക്ക് നമസ്കാരത്തിനായി ചെന്നെത്താവുന്ന പള്ളിയാണിത്. ഒറ്റപ്പാലം മണ്ണാർക്കാട് മുഖ്യപാതയിൽ സഞ്ചരിക്കുന്ന വാഹന യാത്രക്കാർക്കും ഈ പ്രാർഥനാലയം അനുഗ്രഹമാണ്. കുഞ്ചുണ്ണി നായരുടെ ദാനഭൂമിയിൽ നിർമിച്ച ഓടിട്ട ഒറ്റയിറക്ക് കെട്ടിടം വർഷങ്ങൾക്കു ശേഷം പൊളിച്ച് കോൺക്രീറ്റ് മസ്ജിദ് രൂപംകൊണ്ടപ്പോഴും പഴയ ശിലാഫലകം മുന്നിൽ സ്ഥാപിക്കാൻ പള്ളി കമ്മിറ്റിക്കാർ മറന്നില്ല.
ആദ്യകാലത്ത് ചുനങ്ങാട് -മലപ്പുറം തിരുണ്ടി പ്രദേശവാസികൾക്ക് അഞ്ചുനേരത്തെ നമസ്കാരത്തിന് ദൂരെയുള്ള പള്ളിയിൽ എത്തണമായിരുന്നു. ഇതിനൊരു പരിഹാരം തിരുണ്ടിയിൽ നമസ്കാര പള്ളി യാഥാർഥ്യമാക്കലാണെന്ന തിരിച്ചറിവിന് മുന്നിൽ വിലങ്ങുതടിയായത് അനുയോജ്യമായ സ്ഥലം ലഭ്യമാകാത്തതായിരുന്നു. പള്ളിനിന്ന സ്ഥലത്തെ പാറപ്രദേശത്ത് തോർത്ത് വിരിച്ചു നമസ്കരിച്ചിരുന്നത് അക്കാലത്തെ കാഴ്ചയായിരുന്നു. പ്രദേശവാസികളുടെ അഭിലാഷം സാക്ഷാത്കരിക്കാനായത് അക്കാലത്ത് അംശം മേനോൻ പദവി വഹിച്ചിരുന്ന ചെറുമുണ്ടശേരി ഊർപ്പായിൽ പുത്തൻവീട്ടിൽ കുഞ്ചുണ്ണി നായരുടെ ചെവിയിലുമെത്തിയതോടെയാണ്.
ആവശ്യമറിഞ്ഞ അദ്ദേഹം വാക്കാൽ കരാറിൽ നമസ്കാര പള്ളി നിർമിക്കാൻ അനുമതി നൽകുകയായിരുന്നു. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ ഓട് മേഞ്ഞ് ഒറ്റയിറക്ക് കെട്ടിപ്പൊക്കിയതോടെ തലമുറകൾ നെഞ്ചേറ്റിയ നമസ്കാര പള്ളി യാഥാർഥ്യമായി.
1985 ജൂലൈ 24നായിരുന്നു കുഞ്ചുണ്ണി നായരുടെ വിയോഗം. എന്നാലിന്നും മതേതരത്വത്തിന്റെ പ്രതീകമായി ഈ പള്ളി ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്.