നിർമാർജനം ചെയ്യണം കുഷ്ഠരോഗത്തെ...
1336828
Wednesday, September 20, 2023 12:55 AM IST
വി. അഭിജിത്ത്
പാലക്കാട്: കുട്ടികളിലെ കുഷ്ഠരോഗ നിർമാർജന പരിപാടി ബാലമിത്ര 2.0 ഇന്നു തുടങ്ങുന്പോൾ അധികൃതരെ കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളികൾ. ജില്ലയിൽ കഴിഞ്ഞ മൂന്നു വർഷങ്ങളിലായി പുതിയ 211 കുഷ്ഠരോഗ ബാധിതരെ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ അഞ്ച് കുട്ടികളും ഉൾപ്പെടുന്നു. ഈ കണക്കു തന്നെയാണ് അധികൃതരുടെ പ്രധാന വെല്ലുവിളി.
2005 മുതൽ നിർമാർജനം ചെയ്തു എന്ന് പ്രഖ്യാപനം നടത്തിയ കുഷ്ഠരോഗം വീണ്ടും വ്യാപകമാകുന്നത് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കുകയാണ്. കുഷ്ഠരോഗത്തിൽ തന്നെ മാൾട്ടി ബാസിലറി ലെപ്രസി ബാധിക്കുന്നവരുടെ എണ്ണം കൂടുതലാണ്. സമൂഹത്തിൽ പലർക്കും കുഷ്ഠ രോഗത്തെ കുറിച്ചുള്ള കൃത്യമായ ബോധവത്കരണം ലഭിക്കാത്തതും തെറ്റിദ്ധാരണകളും രോഗ നിർണയത്തിന് താൽപര്യം കാണിക്കാത്തതും ആരോഗ്യവകുപ്പിനു വെല്ലുവിളിയാണ്.
കണക്കുകൾ ഞെട്ടിക്കുന്നത്
2021-22 കാലയളവിൽ 69 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2022-2023ൽ 86 കേസുകളായി ഉയർന്നു. 2023 വർഷത്തിൽ ഓഗസ്റ്റ് മാസം വരെ നടത്തിയ പരിശോധനയിൽ 12 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോവിഡിനു മുന്പ് 2017-18 വർഷത്തിൽ 100 കേസുകളാണ് ആരോഗ്യവകുപ്പ് റിപ്പോർട്ട് ചെയ്തത്. 2018-19 വർഷത്തിൽ 154 കേസുകളും 2019-20ൽ 188 കേസുകളായി ഉയർന്നു.
ആരോഗ്യപ്രവർത്തകരുടെ ബോധവത്കരണ പദ്ധതികളിലൂടെയാണ് ഈ കണക്കുകൾ പുറത്തു വന്നിരിക്കുന്നത്. കഴിഞ്ഞവർഷം ജില്ലാ തലത്തിൽ ആരംഭിച്ച ബാലമിത്ര കാന്പയിനിലൂടെ പാലക്കാട് ജില്ലയിൽ മാത്രം 2704 സ്കൂളുകളിലായി 4,41,995 വിദ്യാർഥികളിൽ നടത്തിയ പരിശോധനയിൽ ഒരു കുട്ടിയ്ക്കാണ് രോഗം പോസിറ്റീവായത്.
അറിഞ്ഞിരിക്കണം,
രോഗലക്ഷണങ്ങൾ
കുഷ്ഠരോഗം നേരത്തെ തിരിച്ചറിയുന്നത് ചികിത്സാപരമായി പ്രാധാന്യമുള്ളതാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. രോഗത്തെ നേരത്തെ തിരിച്ചറിയണമെങ്കിൽ രോഗത്തിന്റെ ലക്ഷണങ്ങളെ കുറിച്ച് അറിഞ്ഞിരിക്കണം. സാധാരണയായി കുഷ്ഠരോഗം ബാധിക്കുന്നത് ത്വക്കിനെയും നാഡികളെയുമാണ്.
തൊലിപ്പുറത്തുള്ള നിറം മങ്ങിയതോ ചുവന്നതോ ആയതോ സ്പർശന ശേഷി കുറഞ്ഞതോ അല്ലാത്തതോ ആയ പാടുകൾ, കൈകാലുകളിൽ വരുന്ന മരവിപ്പ്, വേദനയില്ലാത്ത വ്രണങ്ങൾ എന്നിവയാണ് സാധാരണയായി വരുന്ന ലക്ഷണങ്ങൾ.
പ്രതീക്ഷയായി ബാലമിത്ര
കുട്ടികളിലെ കുഷ്ഠരോഗ നിർമാർജന പരിപാടി ബാലമിത്ര 2.0 പദ്ധതിക്ക് ജില്ലയിൽ ഇന്ന് തുടക്കം. നവംബർ 30 വരെ അങ്കണവാടിമുതൽ പ്ലസ്ടുവരെയുള്ള കുട്ടികളിലാണ് കാന്പയിൻ സംഘടിപ്പിക്കുന്നത്. രോഗം കണ്ടെത്തുന്ന കുട്ടികളിൽ പ്രതിരോധ നടപടികൾ സ്വീകരിക്കുക എന്നതാണ് കാന്പയിനിലൂടെ ഉദ്ദേശിക്കുന്നത്. ബാലമിത്ര കൂടാതെ മുതിർന്നവരിലെ രോഗം കണ്ടെത്താൻ അശ്വമേധം പദ്ധതിയും സർക്കാർ തലത്തിൽ നടപ്പിലാക്കി വരുന്നുണ്ട്.
പേടി വേണ്ട, ജാഗ്രത മതി
പൂർണമായും ഭേദപ്പെടുത്താൽ കഴിയാത്ത പകർച്ചവ്യാധി എന്ന പേരുള്ളതിനാലാണ് ആളുകൾക്കിടയിൽ കുഷ്ഠരോഗം ഭീതി വിതച്ചിരുന്നത്. എന്നാൽ 1986 മുതൽ തന്നെ കേരളത്തിൽ സർക്കാർ തലത്തിലും മറ്റും കുഷ്ഠ രോഗത്തിനെതിരെ മൾട്ടി ഡ്രഗ് തെറാപ്പി പോലുള്ള ചികിത്സാരീതികൾ നല്കി തുടങ്ങിയിരുന്നു.
എന്നാൽ ഇന്ന് രോഗ ബാധിതരെ പൂർണമായും രോഗത്തിൽ നിന്നും മുക്തരാക്കാൻ നമ്മുടെ ആരോഗ്യ സംവിധാനത്തിന് കഴിഞ്ഞിട്ടുണ്ട്.