ഇതെന്താ വാട്ടർ മെട്രോയോ..?
1336821
Wednesday, September 20, 2023 12:55 AM IST
നെന്മാറ: അളുവശ്ശേരി നെല്ലിച്ചോട് റോഡ് തകർന്നു. പോത്തുണ്ടി ജലശുദ്ധീകരണ പ്ലാന്റിൽ നിന്നും എലവഞ്ചേരി, പല്ലാവൂർ ജലസംഭരണികളിലേക്ക് വെള്ളം എത്തിക്കുന്നതിനാണ് റോഡിന്റെ ഇരുവശങ്ങളിലും ആഴത്തിൽ ചാലുകീറി കുഴലുകൾ സ്ഥാപിച്ചത്.
ഇതോടെ റോഡിന്റെ മധ്യഭാഗത്ത് മാത്രം ടാർ ശേഷിക്കുന്ന സ്ഥിതിയായി. പോത്തുണ്ടി അണക്കെട്ടിൽ നിന്നുള്ള വലതുകര കനാലിനോട് ചേർന്നുള്ള റോഡിലാണ് ഈ ദുർഗതി.
അളുവശ്ശേരിയിൽ നിന്നു ചേരുംകാട്, കൊടുവാൾ പാറ, അയ്യർ പള്ളം, അരിമ്പൂർ പതി, തിരുത്തംപാടം, നെല്ലിച്ചോട് പ്രദേശങ്ങളിലുള്ളവരുടെ നെന്മാറയുമായി ബന്ധപ്പെടുന്നതിനുള്ള ആറു കിലോമീറ്റർ ദൂരം വരുന്ന പോത്തുണ്ടി ബോയൻ കോളനി വരെയുള്ള റോഡാണ് തകർന്നത്.
റോഡ് തകർച്ചയെ തുടർന്ന് ഇതുവഴിയുള്ള രണ്ടു ബസുകളിലൊന്ന് സർവീസ് നിർത്തി.
സ്കൂൾ ബസുകളും ഓട്ടോറിക്ഷകളും ഈ റൂട്ടിലേക്ക് വരുന്നില്ല. കാർഷിക ഉൽപന്നങ്ങൾ മാർക്കറ്റിൽ എത്തിക്കാൻ ഭാരവാഹനങ്ങളും വരാതായതോടെ പ്രദേശവാസികൾ ദുരിതത്തിലാണ്. ഇരുചക്രവാഹനങ്ങളും ഫോർവീൽ ജീപ്പുകളും മാത്രമാണ് ഇതുവഴി യാത്രചെയ്യുന്നത്.
പ്രദേശവാസികളുടെ പരാതിയെ തുടർന്ന് തകർന്ന റോഡിലെ ചില ഭാഗങ്ങളിൽ കരിങ്കൽ ക്വാറി വേസ്റ്റ് വിതറി താൽക്കാലിക പരിഹാരശ്രമം നടത്തിയിട്ടുണ്ടെങ്കിലും മഴപെയ്തതോടെ മിക്ക സ്ഥലങ്ങളും വീണ്ടും ചളിക്കുളമായി.
റോഡ് പുനർനിർമാണത്തിനുള്ള തുക മുൻകൂറായി പഞ്ചായത്തിന് നൽകി അനുമതി വാങ്ങിച്ചശേഷം മാത്രമാണ് റോഡ് പൊളിച്ച് കുഴൽ സ്ഥാപിച്ചതെന്നു ജലജീവൻ മിഷൻ അധികൃതരും പറയുന്നു.