ജില്ലയിൽ ഒന്നാംവിള കൊയ്ത്തിനു തുടക്കം
1336604
Tuesday, September 19, 2023 12:49 AM IST
നെന്മാറ: പൊടിവിത നടത്തിയ നെൽപ്പാടങ്ങളിൽ ഒന്നാംവിള കൊയ്ത്ത് ആരംഭിച്ചു. മൂപ്പുകുറഞ്ഞ വിത്തിനങ്ങൾ ഉപയോഗിച്ച് ഒന്നാം വിളയിറക്കിയ നെൽപ്പാടങ്ങളാണ് കൊയ്ത്തിനെ പാകമായത്.
അയിലൂർ, കോഴിക്കാട്, ചെട്ടികുളമ്പ് പാടശേഖരങ്ങളിലാണ് കഴിഞ്ഞദിവസം കൊയ്ത്ത് ആരംഭിച്ചത്. പതിവുപോലെ ഏജന്റുമാരുടെ കൊയ്ത്തു യന്ത്രമാണ് എത്തിയിരിക്കുന്നത്.
ഏക്കറിന് 2,400 രൂപ നിരക്കിലാണ് കൊയ്ത്തു വാടക ഏജന്റുമാർ ഈടാക്കുന്നത്.
കാലവർഷം കനിയാത്തതിനാൽ പലയിടത്തും പൊടിവിതയും നടീൽ നടത്തിയതും മാസങ്ങളുടെ വ്യത്യാസത്തിലായിരുന്നു. ഇക്കാരണത്താൽ ഒന്നാം വിള കൊയ്ത്തും ഒരു മാസത്തിലേറെ നീളാനാണ് സാധ്യത. കൊയ്ത്ത് സജീവമാകണമെങ്കിൽ ഇനിയും ആഴ്ചകൾ വേണ്ടിവരുമെന്നതിനാൽ കൂടുതൽ കൊയ്ത്ത് യന്ത്രങ്ങൾ എത്തിത്തുടങ്ങിയിട്ടില്ല.
മുഞ്ഞബാധ ഭീഷണിയുള്ള പാടങ്ങളിൽ അല്പം മൂപ്പു കുറവുണ്ടെങ്കിലും വെയിലുള്ള സമയം നോക്കി ചില കർഷകർ കൊയ്ത്തു നടത്തുന്നുണ്ട്.
ഇടയ്ക്കിടെയുള്ള മഴയിൽ നെല്ലു നനയുന്നതിനാൽ കൊയ്തെടുക്കാൻ ബുദ്ധിമുട്ടുന്നതായി കൊയ്ത്തുയന്ത്ര ഡ്രൈവർമാർ പറഞ്ഞു.
കൊയ്തെടുത്ത നെല്ല് ഉണക്കുവാൻ സൗകര്യമില്ലാത്തതും കർഷകർക്കു വെല്ലുവിളിയായിട്ടുണ്ട്.