കാശ്മീരിലെ മരംകയറ്റ വിശേഷങ്ങളുമായി ഷമീർ
1336395
Monday, September 18, 2023 12:31 AM IST
കരിമ്പ: കാശ്മീരിലെ കർഷകർക്ക് സുരക്ഷിതമായി മരം കയറുന്നതിന് രണ്ടാഴ്ചത്തെ പരിശീലനം നൽകാൻ കാശ്മീരിലേക്ക് പോയ ഷമീർ നാട്ടിൽ തിരിച്ചെത്തി.
കാശ്മീരിൽ അക്രൂട്ട് മരങ്ങളിലെ വിളവെടുപ്പ് സമയം മരംകയറി ഇറങ്ങുമ്പോൾ ഉണ്ടാകുന്ന നിരന്തര അപകട മരണങ്ങൾ ഇല്ലാതാക്കാൻ കാശ്മീരിലെ കർഷകർക്ക് അപകടരഹിത മരം കയറ്റം പരിശീലിപ്പിച്ചാണ് ഷമീർ മടങ്ങിയത്.
എവിടെ എന്ത് അപകടം സംഭവിച്ചാലും ഓടിയെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി പ്രശംസ നേടിയ ഷമീർ കരിമ്പയ്ക്ക് കാശ്മീർ യാത്രയും നവ്യാനുഭവമായി.
കാശ്മീരിലെ കർഷകർക്കിടയിൽ അപകടങ്ങൾ പതിവായ സാഹചര്യത്തിലാണ് സുരക്ഷിത മരംകയറ്റം പരിശീലിപ്പിക്കുന്നതിന് മുംബെയിലെ കലാം ഇന്നവേഷൻ എന്ന സംഘടനയുടെ സാരഥി ഹർഷ കൊട്ടെച്ച്, ഷമീറിനെയും കുടുംബത്തിനെയും പരിശീലനത്തിനായി കൊണ്ടുപോയത്.
മരം കയറ്റത്തിനും കിണറിലേക്ക് ഇറങ്ങുന്നതിനും ഉപയോഗിക്കുന്ന ഷമീർ തന്നെ രൂപകൽപന ചെയ്ത കരിമ്പക്കൊളുത്ത് ഇന്ന് ഏറെ പ്രശസ്തമാണ്.
സേഫ്റ്റി ഉപകരണങ്ങൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ മരം കയറിയിറങ്ങുന്ന ഷമീറിന്റെ വൈദഗ്ധ്യം അവിടുത്തെ മാധ്യമങ്ങളിലും വാർത്തയായി. ഷമീർ കരിമ്പയുടെ ജീവിതം കഠിനാദ്ധ്വാനത്തിന്റെ ചരിത്രമാണ്.
ചെറുപ്പം മുതൽ ഉപജീവനത്തിന് വേണ്ടി നിരവധി സാഹസിക തൊഴിലെടുത്ത് തുടങ്ങിയ കഠിനപരിശ്രമം ഇപ്പോൾ നാട്ടിലും മറുനാട്ടിലും ആദരിക്കപ്പെടുന്ന അവസ്ഥയിലേക്കുയർന്നിരിക്കുകയാണ്.
ഇന്ത്യൻ ആർമി, കേരള പോലീസ്, ഫയർ ആൻഡ് റെസ്ക്യു, വനം വകുപ്പ് തുടങ്ങിയ സേനകൾ രക്ഷാപ്രവർത്തനങ്ങളിലും മറ്റു സന്നദ്ധ ഘട്ടങ്ങളിലും പലപ്പോഴും ഷമീറിന്റെ സേവനം ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
വഴി നീളെ ആപ്പിൾ തോട്ടങ്ങളും വാൾനട്ട് മരങ്ങളും നിറഞ്ഞ കാശ്മീരിന്റെ അമ്പരപ്പിക്കുന്ന സൗന്ദര്യം പോലെ തന്നെ അവിടുത്തെ ഗ്രാമീണരും നിഷ്കളങ്കരാണെന്നും ഷമീർ പറയുന്നു.
സേഫ്റ്റി ഫസ്റ്റ് എന്നതാണ് ഷമീറിന്റെ പ്രധാന സുരക്ഷവാക്യം.