ചോർന്നൊലിച്ച് കുഞ്ചൻ നന്പ്യാർ ജന്മഗൃഹം; നടപടിയെടുക്കാതെ അധികൃതർ
1301825
Sunday, June 11, 2023 6:51 AM IST
ഒറ്റപ്പാലം: വിശ്വ മഹാകവിയുടെ ജന്മഗൃഹം ചോർന്നൊലിക്കുന്നു. കുഞ്ചൻ നന്പ്യാർ ജനിച്ച ലക്കിടി കിള്ളികുർശിമംഗലം കലക്കത്ത് ഭവനമാണ് മഴയിൽ ചോർച്ച നേരിടുന്നത്.
വേനലിൽ തന്നെ അടിയന്തിര അറ്റകുറ്റ പണികൾ നടത്തേണ്ടതായിരുന്നിട്ടും സ്മാരകം ഭരണസമിതിയോ അധികൃതരോ ഇക്കാര്യത്തിൽ ഒരു നടപടിയും സ്വീകരിച്ചില്ല. വേനൽ മഴയിലും സ്മാരകം ചോർന്നൊലിച്ചിരുന്നു.
ഇക്കാര്യങ്ങൾ നേരിൽ കണ്ട് ബോധ്യപ്പെട്ടിട്ടും അറ്റകുറ്റപ്പണികൾ നടത്താൻ ബന്ധപ്പെട്ടവർ തയ്യാറായില്ല. ഫണ്ടില്ലാത്ത കാരണം പറഞ്ഞാണ് ഇവർ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞു മാറിയത്. ദേശീയ സ്മാരകമായ കവിഗൃഹത്തിന്റെ തെക്കുഭാഗത്ത് വളരെയേറെ ശോചനീയമായ സാഹചര്യം നേരിടുന്ന ഓടുപുരയുടെ മേൽക്കൂരയാണ് പട്ടികയും, ഓടും തകർന്ന് മാസങ്ങളായി കിടന്നിരുന്നത്. ഈ ഭാഗത്തു കൂടിയാണ് മഴവെള്ളം ചുമരിലേക്ക് ഒലിച്ചിറങ്ങുന്നത്. മണ്ചുമരായതിനാലും കാലപഴക്കം ഏറെയുള്ളതിനാലും ചുമരിന്റെ ഭാഗങ്ങൾ ഇടിഞ്ഞ് വീഴാനുള്ള സാധ്യതയുമുണ്ട്.
സംസ്കൃത പഠനക്ലാസും അടുക്കള ഭാഗവും കിണറുമെല്ലാം ഉൾപ്പെടുന്ന ഭാഗത്താണ് മേൽക്കൂരക്ക് തകർച്ച നേരിട്ടിട്ടുള്ളത്. കെ.പ്രേംകുമാർ എംഎൽഎ, ലക്കിടി പേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.രാമകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്മാരകം സന്ദർശിച്ചു.
നവീകരണം നടത്തും: എംഎൽഎ
ഒറ്റപ്പാലം : 25 ലക്ഷം രൂപ ചിലവിൽ കുഞ്ചൻ നന്പ്യാർ സ്മാരകത്തിന്റെ നവീകരണം നടത്തുമെന്ന് കെ.പ്രംകുമാർ എംഎൽഎ. തുക ലഭ്യമാകുന്ന മുറക്ക് മഴക്കാലത്തിന് ശേഷം പ്രവൃത്തികൾ ആരംഭിക്കാനാണ് തീരുമാനം. അതേസമയം സ്മാരകത്തിന്റെ തെക്കുഭാഗത്ത് തകർച്ച നേരിട്ട മേൽക്കൂരയുടെ ഭാഗങ്ങളിൽ അറ്റകുറ്റപണികൾ ആരംഭിച്ചു. അടിയന്തിര അറ്റകുറ്റ പണികളാണ് നടത്തുന്നത്. കെ.പ്രേംകുമാർ എംഎൽഎയുടേയും ലക്കിടി പേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുരേഷിന്റെയും നേരിട്ടുള്ള ഇടപെടലോടെയാണ് കവിഗൃഹത്തിന്റെ ശോചനീയാവസ്ഥക്ക് പരിഹാരമാർഗം തെളിഞ്ഞത്. ഓടുപുരയുടെ മേൽക്കൂര ഇളക്കി മേയുന്ന പ്രവൃത്തികളാണ് ആരംഭിച്ചത്.