ആളിയാർ വെള്ളമെത്തി: പെരുമാട്ടിയിൽ കുടിവെള്ളവിതരണം പുന:സ്ഥാപിച്ചു
1301551
Saturday, June 10, 2023 12:44 AM IST
വണ്ടിത്താവളം: കുന്ദംകാട്ടുപതി തടയണയിൽ ജലം വറ്റിയതോടെ പട്ടഞ്ചേരി, പെരുമാട്ടി പഞ്ചായത്ത് പ്രദേശങ്ങളിൽ ആയിരക്കണക്കിനു കുടുംബങ്ങൾക്ക് കുടി വെള്ളവിതരണം നിലച്ചത് ഇന്നലെ മുതൽ പുന:സ്ഥാപിച്ചു തുടങ്ങി. ആളിയാറിൽ നിന്നും 400 ക്യൂസെക്സ് ജലം മൂലത്തറയിലെത്തിയതിനാൽ കുന്ദം കാട്ടുപതിയിൽ നിറയ്ക്കാൻ കഴിഞ്ഞിരുന്നു. കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ പൂർണമായും ജലവിതരണം നിലച്ചതിനാൽ രണ്ടു പഞ്ചായത്തിലെ ആയിരകണക്കിനു കുടുംബങ്ങൾ ബുദ്ധിമുട്ടിലായിരുന്നു.
പ്രദേശങ്ങളിലെ ഹോട്ടലുകളും അടച്ചിടേണ്ടതായി വന്നു. താലൂക്കിൽ ഇന്നലേയും മഴ പെയ്യാത്തതിൽ കുളങ്ങളും വീട്ടുകിണറുകളും വരണ്ട നിലയിലാണുള്ളത്. നിലവിൽ ആളിയാർ വെള്ളം കുടിവെള്ള ഉപയോഗത്തിനാണെത്തിച്ചിരിക്കുന്നത്. കർഷകർ ഇനിയും ഒന്നാം വിളയിറക്കാൻ വെള്ളമില്ലാതെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണുള്ളത്.